ദുരൂഹസാഹചര്യത്തിൽ മരിച്ചതായി പരാതി ലഭിച്ച സെലീനാമ്മയുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം വീണ്ടും സംസ്കരിച്ചു. പൊളിച്ച കല്ലറയിൽ തന്നെയാണ് വീണ്ടും മൃതദേഹം സംസ്കരിച്ചത്. ഇൻക്വസ്റ്റിൽ പ്രത്യക്ഷത്തിൽ ഒന്നും കണ്ടെത്താൻ ആയില്ലെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് ഷാജി മാധ്യമങ്ങളോട് പറഞ്ഞു. സെലീനാമ്മയുടെ മാല മുക്കുപണ്ടം ആയതിലാണ് സംശയം തോന്നിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കുകയെന്നും മകന്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നതെന്നും ഡിവൈഎസ്പി എസ് ഷാജി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കുന്നത്തുകാൽ ജനുവരി 17 ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സെലീനാമ്മയുടെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം ചെയ്യാനായി കല്ലറയിൽ നിന്ന് പുറത്ത് എടുത്തത്. മണിവിള പള്ളിയിലായിരുന്നു സെലീനാമ്മയുടെ സംസ്കാരം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവുമടക്കം നേരത്തെ പള്ളിയിൽ എത്തിയിരുന്നു. പള്ളിയുടെ സമീപം താൽക്കാലിക സംവിധാനവും ഒരുക്കിയിരുന്നു.
മരണാനന്തര ചടങ്ങിന്റെ ഭാഗമായി മൃതദേഹം കുളിപ്പിച്ചപ്പോഴായിരുന്നു സെലീനാമ്മയുടെ ദേഹത്ത് മുറിവും ചതവും കണ്ടെത്തിയത്. ഒപ്പം ആഭരണങ്ങളും കാണാനില്ലായിരുന്നു. എന്നാൽ ഈ വിവരങ്ങൾ സെലീനാമ്മയുടെ മകൻ രാജു അറിയുന്നത് സംസ്കാരത്തിന് ശേഷമായിരുന്നു. തുടര്‍ന്ന് പാറശ്ശാല പൊലീസിൽ പരാതി നൽകുകയും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ജില്ലാ കളക്ടറോട് അനുമതി തേടുകയുമായിരുന്നു.
