ദുരൂഹസാഹചര്യത്തിൽ മരിച്ചതായി പരാതി ലഭിച്ച സെലീനാമ്മയുടെ കല്ലറ പൊളിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ ജനുവരി 17 ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സെലീനാമ്മയുടെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം ചെയ്യാനായി കല്ലറയിൽ നിന്ന് പുറത്ത് എടുത്തിരിക്കുന്നത്. മണിവിള പള്ളിയിലായിരുന്നു സെലീനാമ്മയുടെ സംസ്കാരം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവുമടക്കം നേരത്തെ പള്ളിയിൽ എത്തി. പള്ളിയുടെ സമീപം താൽക്കാലിക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം നടക്കും.
മൃതദേഹം മരണാനന്തര ചടങ്ങിന്റെ ഭാഗമായി കുളിപ്പിച്ചപ്പോഴായിരുന്നു സെലീനാമ്മയുടെ ദേഹത്ത് മുറിവും ചതവും കണ്ടെത്തിയത്. ഒപ്പം ആഭരണങ്ങളും കാണാനില്ലായിരുന്നു. എന്നാൽ ഈ വിവരങ്ങൾ സെലീനാമ്മയുടെ മകൻ രാജു അറിയുന്നത് സംസ്കാരത്തിന് ശേഷമായിരുന്നു. തുടര്‍ന്ന് പാറശ്ശാല പൊലീസിൽ പരാതി നൽകുകയും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ജില്ലാ കളക്ടറോട് അനുമതി തേടുകയുമായിരുന്നു.
