നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. മുകേഷിനെതിരായ ഡിജിറ്റൽ, സാഹചര്യ തെളിവുകൾ അടക്കം അടങ്ങുന്ന കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചത്. ആലുവ സ്വദേശിയായ നടിയാണ് മുകേഷിനെതിരെ പരാതി നൽകിയത്. താരസംഘടന അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി. നടിയുടെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്. ഇതിനുപുറമെ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. പിന്നാലെ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും കോൺഗ്രസിൽ നിന്ന് ഉയരുന്നുണ്ട്. താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടിവ് അംഗമായിരിക്കെ മുകേഷ് അംഗത്വം വാഗ്ദാനം ചെയ്ത് മരടിലെ വില്ലയിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു ആലുവ സ്വദേശിനിയായ നടിയുടെ പരാതി. എന്നാൽ, 14 വർഷത്തിന് ശേഷം ആരോപണവുമായി വന്നത് തന്റെ രാഷ്ട്രീയ ഭാവിയും സിനിമാജീവിതവും തകർക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു മുകേഷ് കോടതിയിൽ ബോധിപ്പിച്ചത്. തന്നോട് 11 ലക്ഷം രൂപ ചോദിച്ച് ചാറ്റ് ചെയ്തതിന്റെ ഉൾപ്പെടെ രേഖകളും നടൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
