റെക്കോർഡ് വിലയും തകർത്ത് സ്വർണവില മുകളിലേക്ക്. ഇന്ന് പവന് 1000 രൂപയോളം വർധിച്ചിരിക്കുകയാണ്. ഒരു ഗ്രാം സ്വർണത്തിന് 120 രൂപയാണ് കുത്തനെ ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7730 രൂപയായി. പവന് 960 രൂപ വർധിച്ച് 61,840 രൂപയായി. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില ഗ്രാമിന് 8,433 രൂപയാണ്. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 7,610 രൂപയും പവന് 60,880 രൂപയും തകർത്തതാണ് സ്വർണവില കുതിച്ചുയരുന്നത്. 2025 ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഒരു മാസം കൊണ്ട് പവന് കൂടിയത് 4,640 രൂപയാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് സ്വര്‍ണത്തിന്റെ വിലയിൽ മാറ്റം വന്നു തുടങ്ങിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വില വര്‍ധനവിന് മറ്റൊരു കാരണമായി. 2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില. ഈ റെക്കോർഡാണ് കഴിഞ്ഞ ദിവസങ്ങളിലായി തിരുത്തി കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇതു തന്നെയാണ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരവും. ഇന്നലെ രൂപ ഡോളറിനെതിരെ 7 പൈസ താഴ്ന്ന് 86.63ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളർ ശക്തമാകുന്നത് സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കൂട്ടും. ഒറ്റയടിക്ക് 47 ഡോളറോളം ഉയർന്ന് ഔൺസിന് വില സർവകാല റെക്കോർഡായ 2,799.09 ഡോളർ വരെയെത്തി. കഴിഞ്ഞ ഒക്ടോബർ 31ന് കുറിച്ച 2,790 ഡോളർ എന്ന റെക്കോർഡ് തകർന്നു. വില വൈകാതെ 2,800 ഡോളർ എന്ന നാഴികക്കല്ല് ഭേദിക്കുമെന്ന വിലയിരുത്തൽ ശക്തമാണ്. ജനുവരി മുതല്‍ മേയ് അവസാനം വരെ കേരളത്തില്‍ വിവാഹ സീസണ് ആണ്. ഇവർക്ക് സ്വര്‍ണത്തിന്റെ വില വര്‍ധനവ് വലിയ തിരിച്ചടിയായിരിക്കും. സ്വര്‍ണം വാങ്ങുമ്പോള്‍ ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവ കൂടി പവന്‍വിലയ്ക്ക് പുറമെ കൊടുക്കേണ്ടി വരും.പുറമെ പണിക്കൂലിയും നൽകണം. നാളെ ബജറ്റ് അവതരിപ്പിക്കുമ്പോൾ തീരുവ 8 മുതൽ 10 ശതമാനം വരെയായി ഉയർത്തിയേക്കാം എന്ന സൂചനകളുണ്ട്. അങ്ങനെയെങ്കിൽ സ്വർണവില വർധനയുടെ വേഗം കൂടും. ഗ്രാം വില 8,000 രൂപ ഭേദിച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നു. അതായത്, പവൻ 64,000 രൂപ കടക്കും. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും കൂടിച്ചേരുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ 70,000 രൂപയോളം വേണ്ടിവരും.
