സ്കൂട്ടിയും കൈനറ്റിക് ഹോണ്ടയുമെല്ലാം വിചാരിച്ചിട്ട് നടക്കാത്ത നേട്ടങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത ആക്ടിവ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്കൂട്ടറാണ്. കാലത്തിനൊത്ത മാറാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്കൂട്ടേഴ്സ് ഇന്ത്യ 2025 മോഡൽ ഹോണ്ട ആക്ടിവ 110 പുറത്തിറക്കി. വരാനിരിക്കുന്ന എമിഷൻ മാനദണ്ഡങ്ങൾക്കനുസരിച്ച് ഈ പുതിയ മോഡൽ അപ്ഡേറ്റ് ചെയ്ത് ഒബിഡി-2ബി കംപ്ലയിൻ്റ് സ്കൂട്ടറായി മാറ്റിയിരിക്കുന്നു. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ ഉൾപ്പെടെയുള്ള ചില പുതിയ ഫീച്ചറുകളാണ് ഇതിൽ ചേർത്തിട്ടുള്ളത്. വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി സ്കൂട്ടറിനെ പരിഷ്ക്കരിക്കുന്ന അവസരം കമ്പനി നന്നായി വിനിയോഗിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. 110 സിസി എഞ്ചിനുമായി വരുന്ന 2025 ഹോണ്ട ആക്ടിവയ്ക്ക് 80,950 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അടുത്തിടെ പുറത്തിറക്കിയ ഇലക്ട്രിക് വേരിയൻ്റിനൊപ്പം 2025 മോഡൽ ഹോണ്ട ആക്ടിവ 110 ഉം വിപണിയിലെത്തും. പുതുക്കിയ ആക്ടിവ അതിന്റെ പരിചിതമായ ഡിസൈൻ നിലനിർത്തിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. പക്ഷേ H-സ്മാർട്ട് ട്രിമ്മിൽ മാത്രം ലഭ്യമായിരുന്ന അലോയ് വീൽ ഓപ്ഷൻ ഇനി മുതൽ DLX വേരിയന്റിലും ലഭ്യമാണെന്ന് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. STD, DLX, എച്ച്-സ്മാർട്ട് എന്നീ മൂന്ന് വേരിയൻ്റുകളിൽ ഈ സ്കൂട്ടർ ലഭ്യമാകും. പേൾ പ്രെഷ്യസ് വൈറ്റ്, ഡീസെൻ്റ് ബ്ലൂ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, റിബൽ റെഡ് മെറ്റാലിക്, പേൾ സൈറൻ ബ്ലൂ തുടങ്ങിയ ആറ് കളർ ഓപ്ഷനുകളിൽ ആണ് ഇത് വരുന്നത്. 2025 ഹോണ്ട ആക്ടിവയിലെ ഏറ്റവും വലിയ മാറ്റം അതിൻ്റെ പുതിയ 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ്. കോൾ/എസ്എംഎസ് അലേർട്ടുകൾ, നാവിഗേഷൻ തുടങ്ങി മറ്റ് ഫീച്ചറുകളിലേക്ക് ആക്സസ് നൽകുന്ന ഹോണ്ട റോഡ്സിങ്ക് ആപ്പിലേക്ക് ഡിസ്പ്ലേ കണക്ട് ചെയ്യുന്നു. ഇതിനുപുറമെ, സ്മാർട്ട് ഉപകരണങ്ങൾ വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുന്ന യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും ഇതിലുണ്ട്. ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്ന പുതിയ ‘ഇഡ്ലിംഗ് സ്റ്റോപ്പ് സിസ്റ്റവും’ ആക്ടീവയിൽ ചേർത്തിട്ടുണ്ട്. OBD-2B എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പരിഷ്കരിച്ച അതേ 109.51 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് പുതിയ 2025 ആക്ടിവയ്ക്ക് കരുത്തേകുന്നത്. മലിനീകരണം നിയന്ത്രിക്കാൻ സഹായിക്കുന്ന മികച്ച എമിഷൻ നിയന്ത്രണത്തിനായി OBD-2B കംപ്ലയിൻ്റ് എഞ്ചിൻ നൽകിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ടിവിഎസ് ജൂപ്പിറ്റർ, ഹീറോ പ്ലെഷർ പ്ലസ് തുടങ്ങിയ സ്കൂട്ടറുകളോട് കിടപിടിക്കാൻ എത്തുന്ന വേണ്ടിയായിരിക്കും ഹോണ്ട ആക്ടിവ 110 . സ്മാർട്ട് ടിഎഫ്ടി ഡിസ്പ്ലേയായാലും ഒബിഡി-2ബി എഞ്ചിനായാലും സാങ്കേതിക സവിശേഷതകളിൽ ഒരു പടി മുന്നിലാണെന്ന് ഈ പുതിയ മോഡലിലൂടെ ഹോണ്ട തെളിയിച്ചു. ഇന്ത്യൻ ഉപഭോക്താക്കൾക്ക് മൊബിലിറ്റി പുനർ നിർവചിക്കുന്നതിൽ ആക്ടിവ എപ്പോഴും മുൻപന്തിയിലാണെന്ന് ഹോണ്ട മാനേജിംഗ് ഡയറക്ടറും ചെയർമാനും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. പുതിയ 2025 വേരിയൻ്റ് പുതുമയുടെയും സവിശേഷതകളുടെയും വിശ്വാസ്യതയുടെയും സമ്പൂർണ്ണ സംയോജനമാണ്. ടിഎഫ്ടി ഡിസ്പ്ലേയും OBD2B കംപ്ലയിൻ്റ് എഞ്ചിനും സാങ്കേതികവിദ്യയോടും സ്ഥിരതയോടുമുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

