
അൻവറിന് തന്റെ രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ഒരു തുരുത്ത് മാത്രമാണ് തൃണമൂൽ കോൺഗ്രസ്
ഇടതുപക്ഷവുമായി കൊമ്പുകോർത്ത് പി വി അൻവർ എംഎൽഎ സ്ഥാനവും രാജിവെച്ച് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുമ്പോൾ അൻവറിനും മമതാ ബാനർജിക്കും ഒട്ടേറെ ലക്ഷ്യങ്ങളുണ്ട്. അധികാരത്തിന് പുറത്താണെങ്കിലും സംഘടനാപരമായി കോൺഗ്രസ് പാർട്ടി ഏറ്റവും ശക്തമായി മുന്നോട്ടുപോകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സംസ്ഥാനത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലും നഗരപ്രദേശങ്ങളിലും കോൺഗ്രസിന് കൃത്യമായ ആൾ ബലമുണ്ട്. ഏതു പ്രദേശത്തും ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കുവാനുള്ള കരുത്ത് ഇന്നും കോൺഗ്രസിന് കൈമോശം വന്നിട്ടില്ല. മാത്രവുമല്ല അഖിലേന്ത്യാ തലത്തിൽ പോലും കോൺഗ്രസിനെ നയിക്കുന്ന സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കേരളത്തിന്റെ സംഭാവനയാണ്. കേരളത്തിലേക്ക് തൃണമൂൽ കോൺഗ്രസ് അൻവറിലൂടെ എൻട്രി ചെയ്യുമ്പോൾ അതിനു പിന്നിലുള്ള ഉദ്ദേശലക്ഷ്യങ്ങൾ ഏറെ വലുതാണ്. അൻവറിന് തന്റെ രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ഒരു തുരുത്ത് മാത്രമാണ് തൃണമൂൽ കോൺഗ്രസ്. എന്നാൽ മമതക്കും തൃണമൂലിനും കേരളം പ്രതീക്ഷകളുടെ പറുദീസയാണ്. തങ്ങളുടെ രാഷ്ട്രീയം കൃത്യമായി അവതരിപ്പിക്കുവാൻ കഴിയുന്ന ഇടമാണ് കേരളമെന്ന് മമത കരുതുന്നു. ദേശീയതലത്തിൽ തന്നെ പ്രതിപക്ഷ നിരയുടെ നായികയാകുവാൻ ഒരുങ്ങുന്ന മമതയ്ക്ക് കോൺഗ്രസിനെ തകർക്കുകയെന്നത് ലക്ഷ്യമാണ്. ശരിക്കും പറഞ്ഞാൽ കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്നവർ ബിജെപിക്കാർ മാത്രമല്ല. ഭരണപക്ഷമോ പ്രതിപക്ഷമോ ആകട്ടെ രാജ്യത്തിന്റെ നേതൃസ്ഥാനങ്ങളിൽ എത്തുവാൻ ആഗ്രഹിക്കുന്നവർ എല്ലാം കോൺഗ്രസിന്റെ പതനം ആഗ്രഹിക്കുന്നവർ കൂടിയാണ്. അങ്ങനെ വരുമ്പോൾ കോൺഗ്രസ് ഇല്ലാതാകേണ്ടത് മമതയുടെ കൂടി അടിയന്തര ആവശ്യമാണ്. ബംഗാളികളുടെ ഒരു പാലായനം തന്നെ സംസ്ഥാനത്ത് കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നുവരുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരും കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളും എല്ലാം ബംഗാൾ ഗ്രാമങ്ങൾ ആയെന്നു പറഞ്ഞാൽ കൗതുകമല്ല. അത്രമേൽ ബംഗാൾ സ്വദേശികൾ ഇന്ന് സംസ്ഥാനത്ത് തൊഴിലിനും മറ്റുമായി ഇവിടെ തുടരുന്നുണ്ട്. അവർക്കിടയിൽ സ്വാധീനം ചെലുത്തുവാൻ കഴിയുന്ന നേതാവാണ് മമത. അതിനപ്പുറത്തേക്ക് കോൺഗ്രസിൽ പ്രതീക്ഷയില്ലാത്തവരുടെ പ്രത്യാശ ആകുവാൻ കൂടി മമത എന്ന കരുത്തുള്ള രാഷ്ട്രീയക്കാരിക്ക് കഴിയും. അടുത്തമാസം മമത പി വി അൻവർ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ കേരളത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതകൾ ഉണ്ട്. അങ്ങനെ ബംഗാൾ മുഖ്യമന്ത്രി കൂടിയായ മമത സംസ്ഥാനത്തേക്ക് എത്തുമ്പോൾ അത് സൃഷ്ടിക്കുന്ന ഓളം ചെറുതൊന്നും ആയിരിക്കില്ല. ബംഗാളിന് പുറത്ത് മമതയ്ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങൾ തീരെയില്ല. എന്നാൽ കൃത്യമായ ഫോളോവേഴ്സ് മമതയ്ക്ക് കേരളത്തിലുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ മമതയെ പിന്തുടരുന്നവർ സംസ്ഥാനത്ത് ഏറെയാണ്. വർഷങ്ങൾക്കു മുമ്പ് മമതാ ബാനർജിയുടെ നേതൃത്വത്തിൽ കേരളത്തിൽ ഒരു സ്വകാര്യ ഏജൻസിയെ കൊണ്ട് തൃണമൂൽ കോൺഗ്രസ് സർവ്വേ നടത്തിയിരുന്നു. അതിൽനിന്നും തൃണമൂലിന് സാധ്യതയുള്ള സംസ്ഥാനങ്ങളിൽ ഒന്നായി കേരളത്തെ വിലയിരുത്തപ്പെട്ടിരുന്നു. അന്നുമുതൽ മമത തുടങ്ങിയ പരിശ്രമങ്ങൾ ഇപ്പോഴാണ് ഫലം കണ്ടിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ പകരക്കാരില്ലാത്ത പ്രതിപക്ഷ നിരയുടെ നായിക സ്ഥാനത്തേക്കുള്ള മമതയുടെ നോട്ടത്തിന് കേരളം കരുത്തുപകരുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. അൻവറിനെ സംബന്ധിച്ച് തൃണമൂൽ കോൺഗ്രസ് പ്രവേശനം സാധ്യതകളുടെ പുതിയ ലോകമാണ് തുറന്നു നൽകുന്നത്. നിലമ്പൂരിൽ വരുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് അൻവർ വ്യക്തമാക്കുമ്പോൾ യുഡിഎഫിനെ പിണക്കാതെ പരമാവധി ചേർന്നു നിൽക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനിടയിലും വിഎസ് ജോയിയെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആര്യാടൻ ഷൗക്കത്തിനിട്ടൊരു കൊട്ടും അൻവർ നൽകുന്നുണ്ട്. അവർ കാലങ്ങളായി ബന്ധ ശത്രുക്കൾ ആണല്ലോ. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിൽ അൻവർ മുഴുവൻ സമയവും രംഗത്തിറങ്ങി യുഡിഎഫിനെ വിജയിപ്പിക്കാൻ ഉള്ള സാധ്യതകൾ ആണ് ഉള്ളത്. അങ്ങനെ യുഡിഎഫ് വിജയത്തിന് അൻവർ വഴിയൊരുക്കുമ്പോൾ തിരികെ യുഡിഎഫിന് അൻവറിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കേണ്ടതായി വന്നേക്കാം. ഒരു മുന്നണിയുടെയും ഭാഗമാകണ്ട എന്നാണ് മമത അൻവർ നൽകിയിരിക്കുന്ന നിർദ്ദേശം. കേരളം പോലൊരു സംസ്ഥാനത്ത് എത്രമേൽ ആ രീതിയിൽ പോകുവാൻ കഴിയും എന്നത് സംശയകരമാണ്. അൻവറിന്റെ തൃണമൂൽ പ്രവേശനം യുഡിഎഫിലേക്കുള്ള എളുപ്പവഴിയായി കണക്കാക്കുന്നവരും ഉണ്ട്. ഏതായാലും സതീശനോട് മാപ്പുപറഞ്ഞു ലീഗിനെ പുകഴ്ത്തിയുള്ള അൻവറിന്റെ വാർത്താസമ്മേളനം ഏറെക്കുറെ അദ്ദേഹത്തിന്റെ വിദൂരത്തിലുള്ള രാഷ്ട്രീയ നിലപാടുകൾ പോലും തുറന്നുകാട്ടുന്നതാണ്.