
ജനസംഖ്യാ നിരക്ക് കുത്തനെ കുറഞ്ഞുവരുന്നതുകൊണ്ട് തന്നെ വലിയ ആശങ്കയിലാണ് റഷ്യയും ചൈനയും ജപ്പാനും. ജനനനിരക്ക് വർധിപ്പിക്കുന്നതിനായി ഓരോ പദ്ധതികൾ ആവിഷ്കരിക്കുകയാണ് ഈ രാജ്യങ്ങൾ. ഇതിനിടെ വർഷം രണ്ടാകാറായ യുക്രൈന് അധിനിവേശവും സൈന്യത്തിലെ അംഗസംഖ്യാ കുറവും ജനസംഖ്യാ വളര്‍ച്ച കൂട്ടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പുടിനെ പ്രേരിപ്പിച്ചു. ഇപ്പോഴിതാ 25 വയസിന് താഴെയുളള വിദ്യാര്‍ഥിനികള്‍ക്കായി റഷ്യ മുന്നോട്ടുവച്ച പുതിയൊരു പദ്ധതി ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. കുടുംബങ്ങളുടെ അംഗ സംഖ്യാ വര്‍ദ്ധനവിന് ശ്രമിക്കാനും ഇതിനായി തൊഴിൽ കേന്ദ്രങ്ങള്‍ കൂടുതല്‍ ഇടവേളകൾ നല്‍കാനും പുടിൻ നിർദ്ദേശിച്ചു എന്നാണ് റിപോർട്ടുകൾ. ഏകാധിപതിയായ പ്രസിഡന്റിന്റെ നിര്‍ദ്ദേശങ്ങള്‍ വന്നതിന് പിന്നാലെ റഷ്യയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ ജനസംഖ്യാ വര്‍ദ്ധനവിനായി വിപുലമായ പദ്ധതികളാണ് അവതരിപ്പിക്കുന്നത്. ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുന്ന 25 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിനികൾക്ക് റഷ്യയിലെ കരേലിയ ഭരണകൂടം 100,000 റൂബിൾസ് അതായത് ഏകദേശം 81,000 രൂപ വാഗ്ദാനം ചെയ്തിരിക്കുന്നതായാണ് മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കുടുംബങ്ങള്‍ വളര്‍ത്താന്‍ യുവതികളെ പ്രോത്സാഹിപ്പിക്കാനാണ് ഈ വാഗ്ദാനമെന്ന് മോസ്കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 25 വയസ്സിന് താഴെയുള്ള, ഒരു പ്രാദേശിക സർവകലാശാലയിലോ കോളേജിലോ മുഴുവൻ സമയ വിദ്യാർത്ഥികളോ കരേലിയയിലെ താമസക്കാരോ ആയവർക്കാണ് പണം ലഭിക്കുക. നിയമപ്രകാരം ഇപ്പോൾ തന്നെ ഗർഭിണികളായ അമ്മമാർ ഈ പദ്ധതിയില്‍പ്പെടില്ല. സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം (എസ്ഐഡിഎസ്) ബാധിച്ച് കുട്ടി മരിക്കുകയാണെങ്കിലോ പണം ലഭിക്കുമെന്ന് ഉറപ്പുമില്ല. തീര്‍ന്നില്ല, ശാരീരിക വൈകല്യമുള്ള കുട്ടികൾ ജനിച്ചാല്‍ അമ്മമാര്‍ക്ക് ഈ പണം ലഭിക്കുമോ എന്നും പറയുന്നില്ല. ഒപ്പം പ്രസവാനന്തര ശുശ്രുഷകൾ, ശിശു പരിപാലന ചെലവുകൾ എന്നിവയ്ക്കായി പണം നല്‍കുമോ എന്നും പദ്ധതി വിശദമാക്കുന്നില്ല. ഇത്തരത്തിൽ ഒരു പദ്ധതിയെ വിമര്‍ശിച്ച് കൊണ്ട് ഒരുപാട് പേർ രംഗത്തെത്തിയിട്ടുമുണ്ട്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ ജനനനിരക്ക് എത്തിയതോടെയാണ് റഷ്യ പുതിയ പദ്ധതി ആവിഷ്കരിച്ചത്. റഷ്യയുടെ ഫെഡറല്‍ സ്റ്റേറ്റ് സ്റ്റാറ്റിറ്റിക്സ് സര്‍വീസിന്റെ കണക്കുകള്‍ പ്രകാരം 2024ല്‍ 599,600 കുട്ടികള്‍ മാത്രമാണ് രാജ്യത്ത് ജനിച്ചത്. 2023നെ അപേക്ഷിച്ച് ജനന നിരക്കില്‍ 2.7 ശതമാനം കുറവ് വന്നതോടെയാണ് റഷ്യയുടെ പുതിയ നീക്കം. രാജ്യത്ത് നിലവില്‍ 11 ഇടങ്ങിലാണ് ഈ പദ്ധതി റഷ്യ ആവിഷ്കരിച്ചിരിക്കുന്നത്. ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യൻ സർക്കാർ സാമ്പത്തിക ആനുകൂല്യങ്ങൾ, ഭവന സഹായം തുടങ്ങിയ നിരവധി നയങ്ങൾ വേറെയും നടപ്പാക്കിയിട്ടുണ്ട്. സമാനമായൊരു പദ്ധതി മധ്യ റഷ്യൻ നഗരമായ ടോംസ്കിലുണ്ട്. റഷ്യയിലെ കുറഞ്ഞത് പതിനൊന്ന് പ്രാദേശിക സർക്കാരുകൾ പ്രസവിക്കുന്ന പെൺകുട്ടികൾക്ക് പണം അടക്കമുള്ള വാഗ്ദാനങ്ങള്‍ നൽകുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ദേശീയ സര്‍ക്കാരും പ്രസവാനുകൂല്യങ്ങളില് വലിയ വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. ആദ്യമായി അമ്മമാരാകുന്നവര്‍ക്ക് 2025 മുതൽ 6,77,000 റൂബിൾ (ഏകദേശം 5 ലക്ഷം രൂപ) ലഭിക്കും. കഴിഞ്ഞ വര്‍ഷം വരെ ഇത് 630,400 റൂബിളായിരുന്നു. കൂടാതെ, രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന അമ്മമാർക്ക് 8,94,000 റൂബിളും (ഏകദേശം 7 ലക്ഷം രൂപ) ലഭിക്കും. ഉടനെ തന്നെ ജനന നിരക്ക് കൂട്ടാന്‍ കൂടുതല്‍ നടപടികള്‍ റഷ്യ മുന്നോട്ട് വയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.