തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരർ രാജീവരെ പിന്തുണച്ച് ബിജെപി നേതൃത്വം രംഗത്തെത്തി. തന്ത്രിയുടെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്ന സംശയം ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കേസിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യം ഉയർത്തിയ അദ്ദേഹം, വിശ്വാസ സംരക്ഷണത്തിനായി ഈ മാസം 14 മുതൽ സംസ്ഥാനവ്യാപക സമരം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. മകരവിളക്ക് ദിനമായ ജനുവരി 14ന് വീടുകളിലും നാട്ടിലും ‘അയ്യപ്പജ്യോതി’ സംഘടിപ്പിക്കുമെന്നും, ഇത് എൻഡിഎയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന്റെ തുടക്കമായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സ്വർണക്കൊള്ളക്കേസിൽ സിപിഐഎം-കോൺഗ്രസ് നേതാക്കളെ സംരക്ഷിക്കാൻ തുടക്കം മുതൽ ശ്രമം നടന്നുവെന്നും, വലിയ രാഷ്ട്രീയ ശക്തികൾക്കാണ് കേസിന് പിന്നിലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. എസ്ഐടിയിൽ വിശ്വാസമില്ലെന്നും, സ്വർണക്കൊള്ളക്ക് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെയും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെയും ഒപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രം ഉയർത്തിക്കാട്ടിയാണ് ആരോപണം ശക്തമാക്കിയത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ആദ്യം തന്നെ കടകംപള്ളി സുരേന്ദ്രന്റെയും പ്രശാന്തിന്റെയും പേരുകൾ പറഞ്ഞിരുന്നുവെന്നും, മതിയായ തെളിവുകൾ ഉണ്ടായിട്ടും ഇവരെ അറസ്റ്റ് ചെയ്തില്ലെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. തന്ത്രി എല്ലാ വസ്തുക്കളുടെയും സംരക്ഷകനല്ലെന്നും, ആചാരലംഘനത്തിന് കേസെടുക്കണമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ആദ്യം നടപടി വേേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും, റിമാൻഡ് റിപ്പോർട്ടിൽ ആചാര സംബന്ധമായ കാര്യങ്ങളേ ഉള്ളൂവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നതിൽ എസ്ഐടി പരാജയപ്പെടുകയാണെന്നും, നിഷ്പക്ഷ അന്വേഷണം നടക്കുന്നില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പുരാവസ്തു കച്ചവടമാണ് നടന്നതെന്ന ആരോപണവുമായി എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി രംഗത്തെത്തി. വിശ്വാസ സംരക്ഷണ സമരത്തിൽ എൻഡിഎ ഒറ്റക്കെട്ടാണെന്നും ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അറസ്റ്റിലായ തന്ത്രിയുടെ വീട്ടിൽ ബിജെപി നേതാവ് സന്ദർശിച്ചത് സാധാരണ സംഭവമാണെന്നും, ജില്ലാതല ബന്ധത്തിന്റെ ഭാഗമായാണെന്നുമാണ് ബിജെപി നേതൃത്വം വിശദീകരിച്ചത്.
