കുറഞ്ഞ ചെലവില്‍ നടപ്പാക്കാവുന്ന രാജ്യത്തെ മികച്ച ഭവന പദ്ധതികളില്‍ ഒന്നായി കേരളത്തിന്റെ ലൈഫ് മിഷന്
കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷൻ ദേശീയ തലത്തിൽ വീണ്ടും അംഗീകാരം നേടി. നീതി ആയോഗ് തയ്യാറാക്കിയ ‘എ കോംപ്രഹൻസീവ് ഫ്രെയിംവർക്ക് ഫോർ അഫോർഡബിൾ ഹൗസിങ്’ എന്ന റിപ്പോർട്ടിലാണ് പദ്ധതിയെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഭവന പദ്ധതികളിൽ ഒന്നായി തെരഞ്ഞെടുത്തത്.
കുറഞ്ഞ ചെലവിൽ ഫലപ്രദമായി നടപ്പാക്കാവുന്ന പദ്ധതികളുടെ പട്ടികയിൽ ഉൾപ്പെട്ട ലൈഫ് മിഷനെ ‘ബഹുമുഖ സംയോജനവും സമൂഹാധിഷ്ഠിത മാതൃകയും’ എന്നാണ് റിപ്പോർട്ട് വിശേഷിപ്പിച്ചത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും പ്രാദേശിക സമൂഹത്തെ പങ്കാളികളാക്കിയും പദ്ധതി നടപ്പാക്കുന്ന കേരളത്തിന്റെ സമീപനത്തെ നീതി ആയോഗ് പ്രത്യേകമായി പ്രശംസിച്ചു.
പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട് ഒമ്പത് സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയ മികച്ച ഭവന പദ്ധതികളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിനൊപ്പം മധ്യപ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പദ്ധതികളും പട്ടികയിൽ ഇടം നേടി.
പദ്ധതി നടപ്പാക്കുന്നതിന് സ്വയം സഹായ സഹകരണ സംഘങ്ങളെ (SHG) ഫലപ്രദമായി ഉപയോഗിക്കുന്നതിലും കേരളത്തിന്റെ മാതൃക ശ്രദ്ധേയമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമൂഹിക പങ്കാളിത്തവും കാര്യക്ഷമമായ നടത്തിപ്പും ചേർന്നതാണ് ലൈഫ് മിഷന്റെ പ്രധാന ശക്തിയെന്നും നീതി ആയോഗ് വിലയിരുത്തി.
