തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വം യാഥാർത്ഥ്യങ്ങളിൽ നിന്ന് പൂര്ണമായി അകന്നിരിക്കുകയാണെന്നതിന്റെ വ്യക്തമായ തെളിവാണ് കെപിസിസി ക്യാമ്പിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങളെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. യുഡിഎഫ് ഇന്ന് ഒരു രാഷ്ട്രീയ മുന്നണിയായി നിലനിൽക്കുന്നതിന് പകരം വെറും ‘പിആർ മുന്നണി’യായി അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോടികൾ ചെലവഴിച്ച് നിയമിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞർക്കു പോലും കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം നിലവിലില്ലെന്ന് സമ്മതിക്കേണ്ടിവന്നിരിക്കുകയാണ്. എന്നാൽ, ഈ യാഥാർത്ഥ്യം അംഗീകരിക്കാൻ തയ്യാറാകാത്ത കോൺഗ്രസ് നേതൃത്വം സ്വന്തം പിഴവുകൾ മറച്ചുവെക്കാൻ ഏജൻസികളുടെ റിപ്പോർട്ടുകൾ തിരുത്തുകയാണ് ചെയ്യുന്നതെന്ന് മന്ത്രി ആരോപിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്ന കാര്യം അവരുടെ തന്നെ ഏജൻസി ചൂണ്ടിക്കാണിക്കുമ്പോൾ, അത് എൽഡിഎഫ് സർക്കാരിന്റെ വികസനവും ക്ഷേമ പ്രവർത്തനങ്ങളുമുള്ള ജനപിന്തുണയ്ക്ക് ലഭിക്കുന്ന പരോക്ഷ അംഗീകാരമാണെന്നും ശിവൻകുട്ടി വ്യക്തമാക്കി. പണം നൽകി നിയമിച്ച ഉപദേശകർക്കു പോലും സർക്കാരിന്റെ ജനകീയ അടിത്തറ ബോധ്യപ്പെട്ടിരിക്കുമ്പോൾ, പ്രതിപക്ഷ നേതാക്കൾക്ക് മാത്രം അത് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളിലല്ല, പിആർ ഏജൻസികളിലാണ് യുഡിഎഫ് വിശ്വാസം വെച്ചിരിക്കുന്നതെന്ന് ആരോപിച്ച മന്ത്രി, സത്യസന്ധമായ റിപ്പോർട്ടുകളെ ഭയക്കുന്നവർക്ക് ജനങ്ങളെ നേരിട്ട് അഭിമുഖീകരിക്കാൻ കഴിയില്ലെന്നും വിമർശിച്ചു. ഭരണവിരുദ്ധ വികാരമുണ്ടെന്ന വ്യാജ ധാരണ സൃഷ്ടിച്ച് അണികളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിആർ ഏജൻസികളുടെ സഹായത്തോടെ കൃത്രിമ തരംഗം സൃഷ്ടിക്കാമെന്നത് കോൺഗ്രസിന്റെ വ്യാമോഹമാണെന്നും, എൽഡിഎഫ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മുന്നണിയാണെന്നും മന്ത്രി പറഞ്ഞു. സ്വന്തം പാളയത്തിലെ പാളിച്ചകൾ തിരിച്ചറിയാൻ കഴിയാത്തവർക്ക് നാടിനെ നയിക്കാൻ സാധിക്കില്ലെന്നതിന്റെ ഉദാഹരണമാണ് കോൺഗ്രസ് ക്യാമ്പിൽ നടക്കുന്ന സംഭവങ്ങളെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
