ന്യൂഡൽഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നിർണായക ഉത്തരവാണ് പുറപ്പെടുവിച്ചത്. വിഷയത്തിൽ രാജ്യവ്യാപകമായ ഏകീകൃത നടപടികൾ ആവശ്യമാണ് എന്ന നിലപാട് വ്യക്തമാക്കിയ കോടതി, എല്ലാ സംസ്ഥാനങ്ങളെയും കേസിൽ കക്ഷികളാക്കാൻ നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നോട്ടീസ് അയക്കാനും, തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിൽ നടക്കുന്ന കേസുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാനും നിർദ്ദേശം നൽകി.Supreme Court orders states to be parties to street dog issue
തെരുവുനായ്ക്കളുടെ പ്രശ്നം നിയന്ത്രിക്കാൻ രാജ്യതലത്തിലുള്ള ഏകോപിത നയം അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
ഈ കേസിൽ വഴിത്തിരിവായത്, ഡൽഹിയിലെ തെരുവുനായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റാൻ പുറപ്പെടുവിച്ചിരുന്ന മുൻ ഉത്തരവ് സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച് സ്റ്റേ ചെയ്തതോടെയാണ്. കൂടാതെ, പിടികൂടിയ നായകളിൽ അക്രമ സ്വഭാവമില്ലാത്തവയെ വീണ്ടും പുറത്തിറക്കണമെന്നും കോടതി വ്യക്തമാക്കി.
മുമ്പ് ജസ്റ്റിസ് പർദ്ദിവാലയുടെ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവാണ് വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയത്. തുടർന്ന് കേസ് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവർ ഉൾപ്പെട്ട ബെഞ്ച്, ഓഗസ്റ്റ് എട്ടിന് പുറപ്പെട്ട ഉത്തരവിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിച്ച ശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ഓഗസ്റ്റ് 11-ന് പുറപ്പെട്ട മുൻ ഉത്തരവിലൂടെ, ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലെ തെരുവുനായ്ക്കളെ പിടികൂടി സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിർദേശിച്ചിരുന്നു. എട്ട് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഉത്തരവിനെ അവഗണിക്കുന്നവർക്ക് കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
എന്നാൽ നായ സ്നേഹികൾ ശക്തമായി പ്രതിഷേധിച്ചതിനെ തുടർന്ന് രാജ്യത്തുടനീളം പ്രകടനങ്ങൾ അരങ്ങേറി. ഇതിന്റെ പശ്ചാത്തലത്തിലാണ് മുൻ ഉത്തരവിന് സ്റ്റേ നൽകിയുകൊണ്ട് സുപ്രീം കോടതി പുതിയ തീരുമാനം പുറപ്പെടുവിച്ചത്.
