
കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ് അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചോറ്റാനിക്കര പൊലീസ് ആണ് കേസ് എടുത്തത്. ഇന്നലെ രാത്രി ചോറ്റാനിക്കരയിലെ ഒരു ഹോട്ടല്‍ മുറിയിലാണ് നവാസിനെ ബോധരഹിതനായി കണ്ടെത്തിയത്. ഉടൻ തന്നെ അദ്ദേഹത്തെ ചോറ്റാനിക്കരയിലെ ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.Kalabhavan Nawaz passes away: Postmortem today
‘പ്രകമ്പനം’ എന്ന സിനിമയുടെ ചിത്രീകരണത്തിനെത്തിയതായിരുന്നു നവാസ്. ഷൂട്ടിംഗിന് ശേഷം വിശ്രമിക്കുകയായിരുന്നു. രാത്രി 8.45ഓടെയാണ് ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ ഇന്ന് രാവിലെ 8.30ന് പൂർത്തിയാക്കി, പോസ്റ്റുമോര്‍ട്ടം രാവിലെ 10 മണിയോടെ നടക്കും. അര്‍ദ്ധരാത്രി 12 മണിയോടെയാണ് മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇന്ന് വൈകിട്ട് 4 മുതല്‍ 5.30 വരെ ആലുവ ടൗൺ ജുമാമസ്ജിദില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ചലച്ചിത്ര നടന് അബൂബക്കറിന്റെ മകനാണ് കലാഭവന്‍ നവാസ്. ഭാര്യ രെഹ്നയും ഒരു സിനിമാതാരമാണ്. ‘മറിമായം’ പരിപാടിയിലെ കോയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസിലേയ്ക്ക് എത്തിയ നിയാസ് ബക്കറാണ് സഹോദരന്. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായി തിരികെ വന്ന അവസരത്തിലായിരുന്നു നവാസിന്റെ അകാലമരണം. അടുത്ത രണ്ടു ദിവസങ്ങളില്‍ ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.
കലാഭവന്‍ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധ നേടിയത്. 1995ല്‍ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മിസ്റ്റര്‍ ആന്‍ഡ് മിസിസ്, മിമിക്സ് ആക്ഷന്‍ 500, ഏഴരക്കൂട്ടം, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഹിറ്റ്ലര്‍ ബ്രദേഴ്സ്, ബസ് കണ്ടക്ടര്‍, മായാജാലം, മീനാക്ഷി കല്യാണം, ചട്ടമ്പിനാട്, മൈ ഡിയര്‍ കരടി, വെട്ടം, തില്ലാന തില്ലാന, ചക്കരമുത്ത്, തത്സമയം ഒരു പെണ്‍കുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു.