
കൊച്ചി:തൊഴിലാളികളുടെ ഒരു ദിവസത്തെ തൊഴിൽ നഷ്ടപ്പെടുത്തി നടത്തുന്ന സമരത്തിൽ എൻ.സി.പി.യുടെ തൊഴിലാളി സംഘടനയായ നാഷണലിസ്റ്റ് ലേബർ കോൺഗ്രസ്സ് (എൻ എൽ സി ) പങ്കെടുക്കില്ല. തൊഴിലാളികളെ ലേബർ കോട് മൂലം കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുമെന്ന പേരിൽ ചില ട്രേഡ് യൂണിയനുകൾ അഹ്വാനം ചെയ്ത ജൂലൈ 9 ലെ ദേശീയ പണിമുടക്കിൽ പങ്കെടുക്കേണ്ടതില്ലെന്ന് എൻ എൽ സി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഉള്ള തൊഴിൽ നഷ്ടപ്പെടുത്തിയുള്ള സമരം വേണ്ട. ഇതെല്ലാം നിയമനിർമ്മാണ സഭയിലൂടെ തീരുമാനിക്കേണ്ടതാണ്.
തൊഴിലാളികളുടെയും, സാധാരണക്കാരുടെയും നിത്യോപയോഗ സാധന വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയാതെയും, കേരള ജനതയ്ക്ക് ദൈനം ദിനം രണ്ടറ്റം മുട്ടിക്കാൻ കഴിയാതെ ദരുതത്തിലാക്കിയ സംസ്ഥാന സർക്കാരിനോടാണ് തൊഴിലാളികൾ സമരം ചെയ്യേണ്ടതെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.സംസ്ഥാന സർക്കാർ നടപ്പാക്കിയ മിനിമം വേതനം പല മേഖലകളിലും ഇത് വരെ ലഭിച്ചിട്ടില്ല.
സ്ഥാപനങ്ങളിലെ സ്ഥിരം തൊഴിൽ നഷ്ടപ്പെടുത്തി നക്കാപിച്ച കരാർ തൊഴിലാളികളെ കൊല്ലാകൊല ചെയ്യിച്ച് അവകാശങ്ങൾ നിഷേധിക്കുന്നു. പി എസ് സി ഉൾപ്പെടെയുള്ള തൊഴിൽ മേഖലയിലെ റാങ്ക് ലിസ്റ്റുകൾ റദ്ദാക്കി ഇഷ്ടക്കാരെ പിൻവാതിൽ വഴി കയറ്റുന്നതിനാണ് ഭരണത്തിലിരിക്കുന്നവർ ശ്രമിക്കുന്നത്. കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമായതിനാലും, തൊഴിലിനൊത്ത ശമ്പളം കിട്ടാത്തതിനാലും യുവതീ യുവാക്കൾ ഇതര രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. സർക്കാർ ഇത് കണ്ടില്ലെന്ന് നടിച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
കേരളത്തിലെ വ്യവസായങ്ങളും നാട് വിടുകയാണ്. ട്രേഡ് യൂണിയനുകളുടെ ധാർഷ്ട്യമാണ് ഇതിന് പ്രധാന കാരണം. തൊഴിലിന് വേണ്ടിയാണ് നാം സമരം ചെയ്യേണ്ടതെന്ന് എൻ എൽ സി സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
തൊഴിൽ നഷ്ടപ്പെടുത്തി അധികാരത്തിൻ്റെ മറവിൽ ഒരു വിഭാഗം തൊഴിലാളികളെ നിർബന്ധിച്ച് ഭീഷണിപ്പെടുത്തി നടത്തുന്ന സമരം അപലപനീയമാണെന്ന് നാഷണലിസ്റ്റ് ലേബർ കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.