
കൊല്ലം: “ഫയൽ കാണാനില്ല” എന്നത് ഇനി സർക്കാരുദ്യോഗസ്ഥർ പൊതുജനങ്ങൾക്കുമുന്നിൽ പറയാവുന്ന മുടന്തൻ ന്യായം ആകരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ. എ. ഹക്കീം വ്യക്തമാക്കി. നഷ്ടപ്പെട്ട ഫയലുകൾക്കുപകരം പകർപ്പ് അപേക്ഷകർക്ക് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.File loss should not be justified: RTI Commission
കൊല്ലം കോർപ്പറേഷൻ കോൺഫറൻസ് ഹാളിൽ നടത്തിയ ജില്ലാതല ആർ.ടി.ഐ സിറ്റിങ്ങിനിടയിലെ തെളിവെടുപ്പിലാണ് കമ്മീഷൻ ഈ നിർദേശങ്ങൾ മുന്നോട്ടുവച്ചത്.
വിവരം നൽകുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയാൽ വകുപ്പ് നഷ്ടപരിഹാരം നൽകേണ്ടിവരും. തുടര്‍ച്ചയായി വിവരമൊരുക്കുന്നതിൽ തടസം സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥർക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും 25,000 രൂപ വരെ പിഴ വിധിക്കപ്പെടാവുന്നതാണ് എന്നും കമ്മീഷണർ വ്യക്തമാക്കി.
ആര്‍ടിഐ അപേക്ഷകരെ ഒരു കാരണവശാലും വിവരാധികാരികള്‍ ഹിയറിങിന് വിളിക്കരുത്.ആവശ്യമായ വിവരങ്ങൾ ഓഫിസിൽ ലഭ്യമല്ലെങ്കിൽ അത് ലഭ്യമായ മറ്റൊരു ഓഫിസിലേക്ക് അയക്കണമെന്നും നിർദേശം ഉണ്ട്. ഫയലിൽ വിവരമുണ്ടെങ്കിൽ അത് നൽകാൻ 30 ദിവസം വരെ കാത്തിരിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.