
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സിപിഐഎം പരിഗണിച്ചതേയില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. സിപിഐഎം ഏകപക്ഷീയമായാണ് പ്രവർത്തിച്ചതെന്നും തങ്ങളെ അടുപ്പിക്കുക പോലും ചെയ്തില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. മണ്ഡലത്തിന്റെ സ്വഭാവം പോലും അറിയാതെയായുള്ള പ്രചാരണമാണ് ആവിഷ്കരിച്ചതെന്നും എ വിജയരാഘവനും എം വി ഗോവിന്ദനും മാത്രമാണ് കാര്യങ്ങൾ തീരുമാനിച്ചതെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നു.
സ്ഥാനാർത്ഥിയെ തീരുമാനിക്കുന്ന സമയത്ത് തങ്ങളുമായി കൂടിയാലോചനയുണ്ടായിരുന്നില്ല. പാർട്ടി പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് സ്വരാജ് ആണ് സ്ഥാനാർത്ഥിയെന്ന് അറിഞ്ഞത്. കണ്ണൂരിൽ പ്രചാരണം നടത്തുന്നത് പോലെ നിലമ്പൂരിൽ പ്രചാരണം നടത്തിയിട്ട് കാര്യമില്ലെന്നും എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം ഉയർന്നു. അവസാന രണ്ട് ദിവസത്തെ സ്ഥാനാർത്ഥിപ്രചാരണം പൂർണമായും പാളി. സിപിഐഎം മലപ്പുറം ജില്ല കമ്മിറ്റിക്കും, നിലമ്പൂർ, എടക്കര ഏരിയ കമ്മിറ്റികൾക്കും ഒരു റോളുമുണ്ടായിരുന്നില്ല എന്നും സിപിഐ വിമർശിച്ചു.
അതേസമയം, നിലമ്പൂരിലെ തോൽവി വിലയിരുത്താൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്ത്തിയതിലടക്കം വീഴ്ചയുണ്ടായെന്ന് ഒരു വിഭാഗം ആരോപിക്കുന്നതിനിടയിലാണ് യോഗം ചേരുക. എം വി ഗോവിന്ദന്റെ ആർഎസ്എസ് പരാമർശം തിരിച്ചടിയായോ എന്നതും പരിശോധിക്കും.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ 11077 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് വിജയിച്ചത്. 77,737 വോട്ടുകളാണ് ആര്യാടന് ഷൗക്കത്ത് ആകെ നേടിയത്. എം സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി വി അന്‍വര്‍ 19,760 വോട്ടുകളും നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് ലഭിച്ചത് 8,648 വോട്ടുകളായിരുന്നു.
തോൽവിക്ക് പിന്നാലെ എം സ്വരാജ് തന്റെ പരാജയത്തിൽ സന്തോഷിക്കുന്നത് സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയുമാണെന്ന് സ്വരാജ് കുറിച്ചിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോഴും ആഹ്ളാദിക്കാന്‍ ഇതില്‍പ്പരം വേറെന്ത് വേണമെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സ്വരാജിന്റെ പ്രതികരണം.