ന്യൂഡൽഹി: ഇറാൻ ആണവ കേന്ദ്രത്തിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്രയും വേഗം സംഘർഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്രചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കണമെന്നും മോദി പറഞ്ഞു.
ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച വിവരം നരേന്ദ്ര മോദി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി ചർച്ച ചെയ്തതായും സമീപകാലത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളിൽ ആശങ്ക പങ്കുവച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷങ്ങൾ അവസാനിപ്പിച്ച് സമാധാനവും സുരക്ഷയും പുനസ്ഥാപിക്കുന്നതിനായി സംഭാഷണങ്ങളും നയതന്ത്ര ചർച്ചകളും തുടരണമെന്ന് അഭ്യർഥിച്ചതായും മോദി എക്സിൽ കുറിച്ചു.
മേഖലയിലാകെ സമാധാനം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു. അതിന് പരിഹാരം കണ്ടെത്തേണ്ടത് ചർച്ചയിലൂടെയാകണം. എന്നാൽ ഇരുപക്ഷത്ത് നിന്നുള്ള അക്രമണങ്ങളെ എതിർക്കാനോ, അനുകൂലിക്കാനോ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾ പൂർണ വിജയമെന്ന് പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഫോർദോ, നതാൻസ്, ഇസ്ഹാൻ തുടങ്ങി ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് തകർത്തത്. വരാനിരിക്കുന്നത് ഇതിലും വലുതാണെന്നും മറ്റൊരു രാജ്യത്തിനും സാധിക്കാത്ത കാര്യമാണ് യുഎസ് ചെയ്തതെന്നും ആക്രമണത്തിനു ശേഷം ട്രംപ് പ്രതികരിച്ചു.
യുഎസിന്റെ അത്യാധുനിക ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകളായിരുന്നു ആക്രമണത്തിൽ ട്രംപിന്റെ വജ്രായുധം. വ്യോമ പ്രതിരോധങ്ങളെ മറികടന്ന്, കഠിനമായ ബങ്കറുകൾ തകർന്ന് അനായസം മടങ്ങാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് ബി-2 സ്പിരിറ്റ് യുദ്ധവിമാനങ്ങൾ.
