തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കേണ്ടെന്ന് കോൺഗ്രസ് നേതൃത്വം. തരൂരിന്റെ മുൻപ് അടക്കമുള്ള പരാതികളോട് സ്വീകരിച്ച നിലപാട് തുടരാൻ എഐസിസി തീരുമാനം. പ്രതികരണം നടത്തി തരൂരിനെ പ്രകോപിതനാക്കേണ്ടതില്ലെന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. തരൂർ വിഷയത്തിൽ പരസ്യ പ്രസ്താവനകൾ വേണ്ടെന്ന് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, തരൂരുമായി നേതൃത്വം ചർച്ച നടത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
കോണ്‍ഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും നിലമ്പൂര്‍ തിരഞ്ഞെടുപ്പിനു ശേഷം അതിനെക്കുറിച്ച് സംസാരിക്കാമെന്നും ഇന്നലെയാണ് ശശി തരൂർ വ്യക്തമാക്കിയത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് തന്നെ ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചാൽ പോകുമായിരുന്നു. നിലമ്പൂരിലേക്ക് വരണമെന്നറിയിച്ച് ഒരു മിസ്ഡ് കോള്‍ പോലും ലഭിച്ചിട്ടില്ല. ക്ഷണിക്കാത്തിടത്ത് പോകാറില്ലെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ 16 വർഷമായി കോൺഗ്രസിനും കോൺഗ്രസ് മൂല്യങ്ങൾക്കും ഒപ്പമാണ് താൻ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസ് പ്രവർത്തകരോടും സഹോദരന്മാരോടുമുള്ള സ്നേഹത്തിലും സൗഹാർദ്ദത്തിലും ആർക്കും സംശയം വേണ്ട. അതെപ്പോഴും ഉണ്ടാകും. ഇപ്പോഴത്തെ ചില കോൺഗ്രസ് നേതാക്കളുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷെ അതെല്ലാം പാർട്ടിക്കകത്ത് നേരിട്ട് സംസാരിക്കുന്നതാണ് നല്ലതെന്നും തരൂർ പറഞ്ഞിരുന്നു.
