നിലമ്പൂര്‍: നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷത്തോടെയുള്ള വിജയം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത്. മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. മറ്റ് സ്വതന്ത്രന്മാരെ കാര്യമാക്കുന്നില്ല, അവര്‍ക്ക് എത്ര വോട്ട് കിട്ടുമെന്ന് അറിയില്ലായെന്നും പി വി അന്‍വറിനെ പരോക്ഷമായി പരാമര്‍ശിച്ച് ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയത്തിന് അതീതമായ മാറ്റം ആളുകളില്‍ കാണാനാകുന്നുണ്ട്. നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കും. പ്രചാരണത്തിലുടനീളമുള്ള ആവേശം പോളിംഗിലും ഉണ്ടാകുമെന്നും മഴ പോളിംഗിനെ ബാധിക്കില്ലായെന്നും ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ആര്യാടന് ഷൗക്കത്തിന്റെ പ്രതികരണം. കുടംബത്തിനൊപ്പം വോട്ട് ചെയ്യാനെത്തുന്നത് പിതാവ് ഉള്ള സമയത്തെ രീതിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നിലമ്പൂരിൽ വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിൽ സ്വന്തം ബൂത്തിൽ ആദ്യവോട്ടറായി എത്തിയത് നാടക-സാമൂഹിക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷയായിരുന്നു. വൈകിട്ട് ആറു വരെയാണ് പോളിംങ് നടക്കുക. കൊട്ടിക്കലാശത്തിന്റെ ആവേശം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ് ഇന്ന് നിലമ്പൂരിൻ്റെ വിധിയെഴുതുക. വോട്ടർമാരിൽ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാൻസ് ജെൻഡർമാരുമുണ്ട്.
7787 പേർ പുതിയ വോട്ടർമാരാണ്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും. 23നാണ് വോട്ടെണ്ണൽ.
