കൊച്ചി :നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻസിപി ) കേരളത്തിൽ സ്വതന്ത്ര നിലപാടുമായാണ് പ്രവർത്തിച്ചു വരുന്നത്. 19 ന് നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൻസിപി ഒരു മുന്നണിയിലും സഖ്യകക്ഷിയല്ലാത്ത സാഹചര്യത്തിൽ ഒരു സ്ഥാനാർത്ഥിയോടും പ്രത്യേകം കൂറു പുലർത്തുന്നില്ല. ആയതിനാൽ പാർട്ടി അംഗങ്ങളും, അനുഭാവികളും മനസ്സാക്ഷി വോട്ട് രേഖപ്പെടുത്താൻ എൻ സി പി സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചതായി സംസ്ഥാന പ്രസിഡൻ്റും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ ശ്രീ. എൻ.എ മുഹമ്മദ് കുട്ടി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
എൻ.സി.പി. ദേശീയ തലത്തിൽ രണ്ട് വിഭാഗമായി പിരിഞ്ഞതോടെയാണ് കേരളത്തിൽ എൻ.എ. മുഹമ്മദ് കുട്ടി നേതൃത്വം നൽകുന്ന യഥാർത്ഥ എൻ.സി.പി. വ്യത്യസ്ത നിലപാട് എടുത്ത് വരുന്നത്. മഹാരാഷ്ട്രയിൽ എൻ.ഡി.എ മുന്നണിയുടെ ഭാഗമായി ഭരണം നടത്തുന്ന എൻ.സി.പി കശ്മീർ,നാഗാലാൻ്റ്, ഡൽഹി, എന്നി സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കാണ് മത്സരിച്ചിരുന്നത്. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാലാം മുന്നണി സംവിധാനം രൂപപ്പെടുത്തി മത്സരത്തിനൊരുങ്ങാനാണ് കേരളഘടകത്തിനോട് ദേശീയ നേതൃത്വത്തിൻ്റെ നിർദ്ദേശം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് എൻ.സി.പി. രംഗത്ത് വന്നിരുന്നു. എൻ.സി.പി. ശരത് പവാർ വിഭാഗം കേരള സംസ്ഥാന ഘടകം നിലവിൽ ഇടതു പക്ഷത്തോടപ്പമാണ് നിൽക്കുന്നത്. പാർട്ടിയുടെ ക്ലോക്ക് ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച തോമസ് കെ. തോമസ് , എ.കെ.ശശീന്ദ്രൻ എന്നിവരെ അയോഗ്യരാക്കണം എന്ന് കാണിച്ച് സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ് കുട്ടി സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്.
