നിലമ്പൂർ: വഴിക്കടവിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരണപ്പെട്ട പശ്ചാത്തലത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ ഗുരുതര അനാസ്ഥക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ ശ്രമിച്ച യുഡിഎഫ് നാടിനോടു തന്നെ ദ്രോഹം ചെയ്തതായി അദ്ദേഹം പറഞ്ഞു. സംഭവം വനം-വന്യജീവി പ്രശ്നമായി ചിത്രീകരിക്കാനുള്ള ശ്രമം തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും, വിഷയത്തിന്റെ യാഥാർഥ്യം ജനങ്ങൾക്കു മുൻപിൽ വെളിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
കൃഷിക്കും നാട്ടുകാരുടെ ജീവനും ഹാനി ഉണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു പിടിക്കാൻ നിയമപരമായ വ്യവസ്ഥ നിലവിലുണ്ടായിരുന്നിട്ടും അതിന് നടപടിയെടുത്തില്ലെന്നത് പഞ്ചായത്ത് ഭരണസമിതിയുടെ കഴിവുകേടാണ്. പന്നിവേട്ടക്കാർക്ക് പിന്തുണ നൽകുന്ന നിലപാടാണ് ഭരണസമിതി സ്വീകരിച്ചതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
പ്രതിഷേധയോഗത്തിൽ എം.പി കെ. രാധാകൃഷ്ണൻ, സത്യൻ മൊകേരി, ആലിസ് മാത്യു, എം.എം. വർഗീസ്, വി.പി. സാനു, ഇ. ജയൻ, ടി.എം. സിദ്ധിഖ്, അനസ് തുടങ്ങിയവർ പ്രസംഗിച്ചു. ജംഷീർ കെ. അധ്യക്ഷനായി. എം.ടി. അലി സ്വാഗതം പറഞ്ഞു. പി.ടി. ഉഷ നന്ദി പറഞ്ഞു.
