മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ അഡ്ഹോക് കമ്മിറ്റി. മെയ് 31 ന് നടന്ന അഡ്ഹോക് കമ്മിറ്റിയുടെ അവസാന യോഗത്തിലാണ് മറ്റ് അംഗങ്ങള്‍ തങ്ങളുടെ പൊതുതാല്പര്യം മോഹന്‍ലാലിന് മുന്നില്‍ അവതരിപ്പിച്ചത്. ഈ മാസം 22-ാം തീയതിയാണ് സംഘടനയുടെ അടുത്ത ജനറല്‍ ബോഡി യോഗം. ഈ യോഗത്തില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങള്‍ ഉണ്ടാവും. മറ്റ് പദവികളിലേക്കുള്ള ഭാരവാഹികളെയും ജനറല്‍ ബോഡിയില്‍ തീരുമാനിക്കും. അമ്മ സംഘടനയുടെ ബൈലോ പ്രകാരം അഡ്ഹോക് കമ്മിറ്റിക്ക് മൂന്ന് വര്‍ഷം വരെ തുടരാം. എന്നാല്‍ ജനറല്‍ ബോഡിയുടെ തീരുമാനപ്രകാരം അഡ്ഹോക് കമ്മിറ്റിയെ സ്ഥിരം കമ്മിറ്റിയായും നിശ്ചയിക്കാം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27 നാണ് അമ്മയില്‍ കൂട്ടരാജി നടന്നത്. പ്രസിഡന്റ് സ്ഥാനത്തുള്ള മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലെ അഭിനേതാക്കളില്‍ നിന്ന് ഉണ്ടായ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ഭരണസമിതിയിലെ കൂട്ടരാജി.
