മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയെന്നോ സുഡാപ്പിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേയും വോട്ട് വേണമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖ്. മനുഷ്യന്റെ പിന്തുണയാണ് വേണ്ടതെന്നും സിദ്ദിഖ് പറയുന്നുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു സിദ്ദിഖിൻ്റെ പരാമർശം. പ്രസംഗത്തിൻ്റെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസെന്നോ ലീഗെന്നോ ബിജെപിയെന്നോ സുഡാപ്പിയെന്നോ ജമാ അത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേയും പിന്തുണ തേടുകയാണെന്നാണ് സിപിഐഎം നേതാവ് വ്യക്തമാക്കുന്നത്.
നിലമ്പൂരിന്റെ ശബ്ദം ഉയര്‍ന്നുകേള്‍ക്കണമെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ എല്ലാ മനുഷ്യന്റേയും സര്‍പ്പണമാണ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസെന്നോ ലീഗെന്നോ ബിജെപിയെന്നോ സുഡാപ്പിയെന്നോ ജമാ അത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ല. എല്ലാ മനുഷ്യരുടെയും പിന്തുണയാണ് ആഗ്രഹിക്കുന്നത്’, ടി എം സിദ്ദിഖ് പറഞ്ഞു. പ്രസംഗം എതിര്‍കക്ഷികള്‍ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്.
അതേസമയം എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 10.30ഓടെ പ്രകടനമായെത്തിയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. സ്ഥാനാർത്ഥിയുടെ വാഹന പര്യടനം തുടരുകയാണ്. ഇന്നത്തെ വാഹന പര്യടനം രാവിലെ 8 ന് നിലമ്പൂർ കോവിലകത്തുമുറിയിൽ നിന്നാണ് തിരഞ്ഞെടുപ്പ് വാഹന പ്രചാരണം ആരംഭിക്കുക. ഉച്ചക്ക് 3 ന് തോണിപൊയിലിൽ നിന്ന് പുനരാരംഭിക്കുന്ന പര്യടനം രാത്രി എട്ടിന് നെടുമുണ്ടക്കുന്ന് അവസാനിക്കും. വരും ദിവസങ്ങളിൽ ഓരോ പഞ്ചായത്തിലും നഗരസഭയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രത്യേക കൺവെൻഷനുകളും എൽഡിഎഫ് സംഘടിപ്പിക്കുന്നുണ്ട്.
