
മലപ്പുറം :നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയും മുതിർന്ന എൽഡിഎഫ് നേതാക്കളും നേരിട്ട് എത്തി.
ഇന്ന് വൈകിട്ടോടെ നിലമ്പൂരിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
എം സ്വരാജ് കറകളഞ്ഞ പൊതുപ്രവർത്തകൻ ആണെന്നും ആരുടെ മുമ്പിലും തലകുനിക്കാതെ തലയുയർത്തി നിൽക്കുന്ന നേതാവാണെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
നിലമ്പൂരിലെ മുൻ എംഎൽഎ പി.വി അൻവർ ഇവിടത്തെ ജനങ്ങളെയും എൽഡിഎഫിനെയും വഞ്ചിച്ചു എന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.കഴിഞ്ഞ 9 വർഷത്തെ എൽഡിഎഫിന്റെ ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞായിരുന്നു പിണറായി വിജയൻറെ ഉദ്ഘാടന പ്രസംഗം.2021ൽ എൽഡിഎഫ് സർക്കാറിന് തുടർഭരണം കേരളജനത സമ്മാനിച്ചത് കൊണ്ടാണ് ഇത്തരത്തിലുള്ള ഭരണ നേട്ടങ്ങൾ കേരളത്തിന് സാധ്യമായത് എന്നും പിണറായി വിജയൻ ഓർമിപ്പിച്ചു.ഇത് നിലമ്പൂരിലെ ജനത ഓർക്കുമെന്നും ഈ മണ്ണിന് ഒട്ടേറെ സവിശേഷതകൾ ഉണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സഖാവ് കുഞ്ഞാലിയുടെ ധീരോദാത്തമായ വിപ്ലവ സ്മരണകൾ ഈ മണ്ണിൽ ബാക്കിയുണ്ടെന്നും എം സ്വരാജിനെ വൻഭൂരിപക്ഷത്തോടെ കൂടി വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.