
തിരുവനന്തപുരം: പി വി അൻവറുമായി ഇന്നലെ അർധരാത്രി നടത്തിയ സന്ദർശനം വിവാദമായതോടെ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. പാർട്ടി നിലപാട് തെറ്റെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ കാര്യങ്ങൾ മാധ്യമങ്ങളോട് തുറന്ന് പറയേണ്ടതില്ലെന്നും, പാർട്ടിയുടെ നിലപാടാണ് അന്തിമമായി പ്രാധാന്യമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“നേതൃത്വം പറയുന്നതു തന്നെയാണ് എന്റെ നിലപാട്. അൻവറുമായി നടന്നത് ഒരു സ്വകാര്യ സന്ദർശനം മാത്രമാണ്. ഇത് ആരുടെയെങ്കിലും നിർദ്ദേശത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. പാർട്ടിയുടെ തീരുമാനമാണ് നിർണ്ണായകം,” രാഹുൽ പറഞ്ഞു.
അൻവറിനെ സന്ദർശിച്ചത് യുഡിഎഫ് നിലപാടിനെ ദുര്‍ബലപ്പെടുത്തുമോ എന്ന ചോദ്യത്തിന്, ‘വടികിട്ടിയോ എന്ന് 23ന് മനസ്സിലാകും’ എന്നാണ് രാഹുലിന്റെ മറുപടി. “പിണറായിസം ഒരു തരം സംഘിസം പോലെ തന്നെ പ്രവര്‍ത്തിക്കുന്നു. അതിനെ എതിര്‍ക്കുന്നവരോട് ഐക്യപ്പെടുന്നത് തന്നെ ലക്ഷ്യമാണ്,” അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ രാത്രി നിലമ്പൂരിലെ അൻവറിന്റെ വസതിയിൽ രാഹുലിന്റെ സന്ദർശന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ ചർച്ചകൾ ആരംഭിച്ചിരുന്നു. “താൻ യുഡിഎഫിലേക്ക് പോവില്ല” എന്നും “ആരും വിളിക്കേണ്ട” എന്നും അൻവർ തന്നെ പ്രസ്താവിച്ചിരുന്ന സാഹചര്യത്തിൽ, രാഹുലിന്റെ നീക്കം യുഡിഎഫിനെ സംശയത്തിന് ഇടയാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരസ്യമായി രാഹുലിന്റെ നടപടിയെ വിമർശിച്ചിരുന്നു. അൻവറുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ചയറിയാതെ സംഭവിച്ചതാണ് എന്നും, അതിന് പാർട്ടി അനുവാദമുണ്ടായിരുന്നില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. “അനുനയത്തിന് ഒരു ജൂനിയർ എംഎൽഎയെ ചുമതലപ്പെടുത്തുമെന്ന് കരുതാൻ കഴിയുമോ?” എന്ന സതീശന്റെ പ്രതികരണവും ശ്രദ്ധേയമായിരുന്നു.