തിരുവനന്തപുരം: പി വി അന്‍വറിനെ അര്‍ധരാത്രിയില്‍ വീട്ടില്‍ സന്ദര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പരസ്യ മായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതൃത്ത്വമോ യുഡിഎഫോ അറിയാതെ നടത്തിയ ഈ നീക്കം ഗുരുതരമായ പിഴവാണെന്ന് വ്യക്തമാക്കി അദ്ദേഹം, “അനുനയത്തിന് ജൂനിയര്‍ എംഎല്‍എയെ ചുമതലപ്പെടുത്തുമോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
“രാഹുല്‍ അന്‍വറിനെ കണ്ടത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നീക്കമാണ്. പാര്‍ട്ടിയുടെയും മുന്നണിയുടെയും അറിവോടെയല്ല ഇത്. അന്‍വറുമായി ചര്‍ച്ചയുടെ എല്ലാ വാതിലുകളും യുഡിഎഫ് അടച്ചതാണ്. ഇനി ചര്ച്ചയെന്നതേയില്ല,” വി.ഡി. സതീശന് പറഞ്ഞു.
“അനുനയത്തിനായി ആരെയും അയച്ചിട്ടില്ല. രാഹുല്‍ പോയത് തെറ്റാണ്. എന്ത് ഉദ്ദേശിച്ചായാലും അത് സമ്മതിക്കാനാവില്ല. അയാളോട് നേരിട്ട് ശാസിക്കും. രാഹുല്‍ എനിക്ക് അനുജനാണ്, പക്ഷേ ഈ തെറ്റ് ന്യായീകരിക്കാൻ കഴിയില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്ത് പി വി അന്‍വറിന്റെ നിലമ്പൂര്‍ വസതിയില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനുശേഷമാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പിന്നാലെ അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ച് യുഡിഎഫിലേക്ക് ചേരാനുള്ള ആരുടേയും ക്ഷണമില്ലെന്നും താന്‍ തല്പ്പരനല്ലെന്നും പ്രഖ്യാപിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം നിലപാട് വിശദീകരിച്ചപ്പോള്‍, “പി.വി. അന്‍വറിനോട് വ്യക്തിപരമായോ രാഷ്ട്രീയമായോ താല്പര്യമില്ല. പിണറായി സര്‍ക്കാരിനെ തുറന്നുപറഞ്ഞവനെന്ന നിലയിലാണ് കാണാന്‍ പോയത്. ആരുടെയും നിര്‍ദ്ദേശമില്ലാതെയാണ് സന്ദര്‍ശനം,” എന്നായിരുന്നു രാഹുലിൻ്റെ വിശദീകരണം.
നിയന്ത്രണം വിട്ട പ്രവര്‍ത്തനങ്ങള്‍ യുഡിഎഫിന് തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് രാഹുലിനെതിരെ നിലപാട് കടുപ്പിച്ചത്. നിലമ്പൂരിലെ തെരഞ്ഞെടുപ്പ് മത്സരം യുഡിഎഫ്-എല്‍ഡിഎഫ് തമ്മിലുള്ളതാണെന്നും, മറ്റ് രാഷ്ട്രീയ ബാന്ധവങ്ങള്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും വി.ഡി. സതീശന് വ്യക്തമാക്കി.
