
മലപ്പുറം: പാലക്കാട് നിയമസഭാ ഉപ തിരഞ്ഞെടുപ്പ് സമയത്തും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ രഹസ്യമായി തന്നെ കാണാൻ വന്നിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി വി അന്‍വര്‍. യുഡിഎഫില്‍ പിണറായിസത്തിനെതിരെ അതിശക്തമായി സംസാരിച്ചുകൊണ്ടിരിക്കുന്ന യുവ നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. നോമിനേഷൻ സമർപ്പിക്കുന്നതിനായി കാത്തിരിക്കണമെന്നും സെറ്റിൽമെന്റ് ഉണ്ടാക്കാമെന്നും രാഹുൽ പറഞ്ഞതായി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്നലെ അർധരാത്രിയിൽ ഒരു മണിക്കൂറോളം രാഹുൽ മാങ്കൂട്ടത്തിൽ സംസാരിച്ചിരുന്നുവെന്നും പിണറായിസത്തിന്റെ ഏറ്റവും വലിയ ഇരയാണ് രാഹുല്‍ എന്നും അൻവർ അഭിപ്രായപ്പെട്ടു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ വന്നു കണ്ടിരുന്നു. പിണറായിസത്തിന്റെ ഏറ്റവും വലിയ ഇരയാണ് രാഹുല്‍. യുഡിഎഫില്‍ പിണറായിസത്തിനെതിരെ അതിശക്തമായി സംസാരിച്ചുകൊണ്ടിരിക്കുന്ന യുഡിഎഫിന്റെ യുവ നേതാവാണ് അദ്ദേഹം. ഒരു മണിക്കൂറോളം സംസാരിച്ചു. നോമിനേഷന് കൊടുക്കാന്‍ സമയമുണ്ടല്ലോ കാത്തിരിക്കൂവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തെങ്കിലും സെറ്റില്മെന്റുണ്ടാക്കാം എന്നും പറഞ്ഞു. പിണറായിസത്തെയും സര്‍ക്കാരിനെയും താഴെയിറക്കണമല്ലോ. അദ്ദേഹത്തിന് എന്നോട് മറ്റൊരു ബന്ധമുണ്ട്. പാലക്കാട് മത്സരിക്കുമ്പോള്‍ പരിപൂര്‍ണ്ണ പിന്തുണ കൊടുത്തിരുന്നു. സ്വകാര്യമായി എന്നെ വന്നുകണ്ടിരുന്നു. കെ സുധാകരന് മഞ്ചേരിയില്‍ വന്ന് എന്നെ കണ്ടിട്ടുണ്ട്’, എന്നായിരുന്നു പി വി അൻവർ പറഞ്ഞത്.
ഇന്നലെ രാത്രിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിലമ്പൂരിലെ വീട്ടിലെത്തി പി വി അന്‍വറിനെ സന്ദര്‍ശിച്ചത്. രാഹുല്‍ അന്‍വറിന്റെ വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. യുഡിഎഫിലേക്ക് ഇല്ലെന്നും തന്നെ ആരും വിളിക്കേണ്ടെന്നും അന്‍വര്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ അന്‍വറിനെ സന്ദര്‍ശിച്ച രാഹുലിന്റെ നടപടിയാണ് രാഷ്ട്രീയ വിവാദങ്ങളിലേക്ക് വഴിവെച്ചത്. പിന്നാലെ രാഹുലിനെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്തെത്തിയിരുന്നു. യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ പോയി കണ്ടതെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. അനുനയത്തിന് ജൂനിയര്‍ എംഎല്‍എയെ ആരെങ്കിലും ചുമതലപ്പെടുത്തുമോയെന്ന് ചോദിച്ച വി ഡി സതീശന് രാഹുലിന്റെ പ്രവൃത്തി തെറ്റാണെന്നും പറഞ്ഞിരുന്നു.