തിരുവനന്തപുരം: നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരുന്നു. സ്ഥാനാര്‍ത്ഥി സ്വതന്ത്രനായിരിക്കണോ, പാര്‍ട്ടിയുമായി നേരിട്ട് ബന്ധപ്പെട്ട ഒരാളെ തന്നെ മുന്നോട്ടിരുത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് യോഗം ചേരുന്നത്.
മലപ്പുറം ജില്ലാ കമ്മിറ്റി എം സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി മുന്നോട്ട് നിര്‍ത്താന്‍ താല്‍പ്പര്യപ്പെടുന്നു. കൂടാതെ, നിലമ്പൂര്‍ നഗരസഭാ ചെയര്മാന് മാട്ടുമ്മല്‍ സലിം, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി. ഷബീര്‍ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി പ്രൊഫ. തോമസ് മാത്യുവിനെയും ഡോ. ഷിനാസ് ബാബുവിനെയും കുറിച്ചും ചർച്ചയിലുണ്ട്.
പി വി അൻവറിൻ്റെ പുതിയ നിലപാട് എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് കൂടുതൽ സാധ്യതകൾ ഒരുക്കിയതായി സി.പി.എം നേതൃത്വം വിലയിരുത്തുന്നു. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും സമീപനങ്ങളും സംബന്ധിച്ച് യോഗത്തിൽ വിശദമായി ചര്‍ച്ച നടക്കും. നിയോഗിക്കപ്പെടേണ്ട മുതിര്‍ന്ന നേതാക്കളുടെ പേരുകളും ഈ യോഗത്തിൽ തീരുമാനിക്കും.
ഇതിനു പുറമേ എല്‍ഡിഎഫ് സംസ്ഥാനയോഗവും ഇന്ന് നടക്കും. രാവിലെ നടക്കുന്ന സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരാണ് വൈകിട്ട് 3.30ന് എ.കെ.ജി സെന്ററിൽ ചേരുന്ന എല്‍ഡിഎഫ് യോഗത്തിൽ ഔദ്യോഗികമായി അറിയിക്കുക.
നിലമ്പൂരിലെ സിറ്റിംഗ് സീറ്റില്‍ വിജയം ഉറപ്പാക്കാനുള്ള എല്ലാ സാധ്യതകളും കണ്ടെത്തുകയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. വിജയത്തോടെ മുന്നേറാന്‍ കഴിഞ്ഞാൽ എൽ.ഡി.എഫിൻ്റെ മൂന്നാം വരവിന് കാര്യമായ സ്വാധീനമുണ്ടാകുമെന്നാണ് നേത്യത്വം കരുതുന്നത്.
