ആലപ്പുഴ: സംസ്ഥാനത്ത് കോളറ ബാധിച്ച് വീണ്ടും മരണം. ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തലവടി സ്വദേശി പി.ജി.രഘു മരിച്ചു. ഇയാൾക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കടുത്ത വയറിളക്കവും ഛർദിയുമായാണ് തലവടി സ്വദേശിയായ യുവാവിനെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോളറയുടെ ലക്ഷണങ്ങൾ കണ്ടെത്തി. തലവടി പഞ്ചായത്തിൽ കോളറ രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറത്തിറക്കി. ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസാണിത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് കോളറ ബാധിച്ച് കവടിയാര്‍ സ്വദേശിയായ കാര്‍ഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. 2024 ൽ വയനാട്ടിൽ കോളറ ബാധിച്ച് സുൽത്താൻ ബത്തേരി നൂൽപ്പുഴ സ്വദേശി വിജില (30) മരിച്ചിരുന്നു.
