ഇന്ത്യയിലേക്കുള്ള പാക് പട്ടാളത്തിന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ചാമ്പലാക്കി വ്യോമപ്രതിരോധ സംവിധാനങ്ങളായ എസ്-400, ആകാശ് മിസൈലുകൾ. ലോകത്തെ തന്നെ ഏറ്റവും മാരകമായ, ഉപരിതലത്തിൽ നിന്നും ആകാശത്തേയ്ക്ക് തൊടുക്കാവുന്ന എസ്.എ.എമ്മിന്റെ പട്ടികയിലാണ് എസ്-400ന്റെ സ്ഥാനം. ഇസ്രായേലിന്റെ സഹായത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ് ആകാശ്. ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയും ആധൂനികതയും ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി കാട്ടികൊടുക്കുന്നതാണ് ഈ വ്യോമപ്രതിരോധ സംവിധാനങ്ങൾ.
റഷ്യൻ നിർമ്മിത വ്യോമപ്രതിരോധ സംവിധാനമാണ് എസ്-400 മിസൈൽ സിസ്റ്റം. 2018 ഒക്ടോബറിലാണ് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളുടെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി അഞ്ച് ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചത്. ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.
മിസൈൽ ലോഞ്ചറുകൾ, ശക്തമായ റഡാർ, കമാൻഡ് സെന്റർ എന്നിവ ഉൾപ്പെടെ എസ്-400ന് മൂന്ന് ഘടകങ്ങളാണുള്ളത്. യുദ്ധ വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, വേഗത്തിൽ നീങ്ങുന്ന ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ പോലും ആക്രമിച്ച് തകർക്കാൻ ശേഷിയുള്ളവയാണ് ഇവ.
നിലവിലുള്ള എല്ലാത്തരം ആധുനിക യുദ്ധവിമാനങ്ങളെയും നേരിടാൻ ഇവയ്ക്ക് ശേഷിയുണ്ട്. എസ്-400ന്റെ റഡാറുകൾക്ക് 600 കിലോമീറ്റർ അകലെയുള്ള എതിരാളികളുടെ ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാൻ സാധിക്കും. 400 കിലോമീറ്റർ വരെ ദൂരത്തിൽ വെച്ച് തന്നെ അവയെ തടയാനും എസ്-400 മിസൈൽ സിസ്റ്റത്തിന് സാധിക്കും.നിലവിൽ ഇന്ത്യയ്ക്ക് നാല് എസ്-400 സ്ക്വാഡ്രണുകളാണുള്ളത്.
വ്യാഴാഴ്ച നടന്ന പാകിസ്ഥാന്റെ ഡ്രോൺ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഇതിൽ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആകാശ് മിസൈൽ പ്രതിരോധ സംവിധാനം സുപ്രധാന പങ്കുവഹിച്ചെന്നും പ്രതിരോധ വൃത്തങ്ങൾ വിശദീകരിക്കുന്നു. മെയ് 8, 9 തീയതികളിലെ ഇടവേളയിൽ, പാകിസ്ഥാൻ നടത്തിയ ഒന്നിലധികം ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യവും വ്യോമസേനയും പാകിസ്ഥാൻ അതിർത്തിയിൽ ആകാശ് സംവിധാനം വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ആകാശ് മിസൈൽ പ്രതിരോധ സംവിധാനം, ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കുന്ന ഇടത്തരം റേഞ്ചിലുള്ള മിസൈൽ സംവിധാനമാണ്.ഇത് ഒരേസമയം ഒന്നിലധികം വ്യോമാക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകും. ഈ സംവിധാനത്തിന് നൂതനമായ സംവിധാനങ്ങളും ക്രോസ് കൺട്രി മൊബിലിറ്റിയും ഉണ്ട്.
റിയൽ ടൈം മൾട്ടി സെൻസർ ഡാറ്റ പ്രോസസ്സിംഗും ഭീഷണി വിലയിരുത്തലും ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ നേരിടാൻ സഹായിക്കുന്നു. മുഴുവൻ സംവിധാനവും വഴക്കമുള്ളതും അപ്സ്കെയിൽ ചെയ്യാവുന്നതുമാണ് എന്നതാണ് മറ്റൊരു സവിശേഷത. കൂടാതെ ഗ്രൂപ്പ്, ഓട്ടോണമസ് മോഡുകളിൽ പ്രവർത്തിപ്പിക്കാനും കഴിയും.
കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാൻ സായുധ സേന പടിഞ്ഞാറൻ അതിർത്തിയിലുടനീളം ഡ്രോണുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു.പാക് സൈന്യം ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലും നിരവധി വെടിനിർത്തൽ ലംഘനങ്ങൾ നടത്തി. നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും നടന്ന കൗണ്ടർ ഡ്രോൺ ഓപ്പറേഷനിൽ 50-ലധികം പാകിസ്ഥാൻ ഡ്രോണുകളെ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടിരുന്നു.
