ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളുടെയും സുരക്ഷ വർധിപ്പിച്ചു. എല്ലാ യാത്രക്കാർക്കും വിമാനങ്ങൾക്കും സെക്കൻഡറി പ്രീ-ബോർഡിംഗ് പരിശോധനകൾ ബാധകമാക്കി. ടെർമിനുകളിൽ സന്ദർശകരുടെ പ്രവേശനം നിരോധിച്ചു. വിമാനത്താവളങ്ങളിൽ കൂടുതൽ എയർ മാർഷലുകളെ വിന്യസിക്കാനും സർക്കാർ ഉത്തരവിട്ടു. മേയ് 18 വരെ കനത്ത സുരക്ഷ തുടരാനാണ് നിർദ്ദേശം.
വിമാനത്താവളങ്ങളിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ഐഡി പരിശോധനകളും കർശനമാക്കിയിട്ടുണ്ട്. കൂടാതെ എല്ലാ വിമാനത്താവളങ്ങളിലും സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനയ്ക്ക് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഉത്തരവിട്ടു.വിമാനത്തിൽ കയറുന്നതിന് മുൻപ് യാത്രക്കാരുടെ ബാഗുകൾ ഒരു അധിക സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് സെക്കൻഡറി ലാഡർ പോയിന്റ് പരിശോധന.
വിമാനങ്ങളിലെ കാറ്ററിംഗ് സംവിധാനങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിമാനങ്ങളിലെ സിസിടിവി ക്യാമറകൾ പൂർണ്ണമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യോമയാന സ്ഥാപനങ്ങൾക്ക് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളുടെ പെരിഫറൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന പോലീസിനെയും സംസ്ഥാന പ്രത്യേക സേനയെയും വിന്യസിക്കും.
വിമാനത്താവള പാർക്കിംങ് ഏരിയകളിലും സുരക്ഷ കർശനമാക്കി. പരിശോധനകൾക്ക് ശേഷം മാത്രമേ വിമാനത്താവളങ്ങളിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കു. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിലും വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി. കൂടാതെ, ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾ, എയർലൈനുകൾ പ്രവർത്തിപ്പിക്കാത്ത സിവിലിയൻ വിമാനങ്ങൾ തുടങ്ങിയവ കർശനമായി നിരീക്ഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
സുരക്ഷാ പരിശോധനകൾ കർശനമാക്കിയതോടെ യാത്രക്കാർക്ക് നിർദേശങ്ങളുമായി വിമാനക്കമ്പനികൾ രംഗത്തെത്തി. വിമാനം ഷെഡ്യൂൾ ചെയ്തു പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളങ്ങളിൽ എത്തണമെന്ന് എയർ ഇന്ത്യ തങ്ങളുടെ യാത്രക്കാർക്ക് നിർദേശം നൽകി.
സുരക്ഷാ നടപടികളുടെ ഭാഗമായി രാജ്യത്തെ 25 വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവെച്ചിരിക്കുകയാണ്. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല , ചണ്ഡീഗഢ്, ജോധ്പൂർ, ബിക്കാനീർ, ഗ്വാളിയോർ, രാജ്കോട്ട്, ഭുജ്, ജാംനഗർ, ധർമ്മശാല, ബതിന്ദ, ഷിംല, ഹിൻഡൺ, കിഷൻഗഡ്, കാണ്ട്ല തുടങ്ങിയ 25 പ്രധാന വിമാന താവളങ്ങളാണ് അടച്ചിട്ടത്.
ശനിയാഴ്ച വരെ ഇവിടങ്ങളിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ മാത്രം 165-ലധികം വിമാന സർവീസുകളാണ് അടച്ചിടൽ കാരണം റദ്ദാക്കിയത്. അടിയന്തര സാഹചര്യം മനസിലാക്കി പല വിമാനത്താവളങ്ങളുടെയും പ്രവർത്തനം വ്യോമസേന ഏറ്റെടുത്തിരിക്കുകയാണ്.തന്ത്രപ്രധാനമായ പ്രതിരോധ ആവശ്യങ്ങൾക്കായാണ് ഈ വിമാനത്താവളങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തത്.
