നാട്ടിലെ ബന്ധുക്കളെ വിളിച്ച് സംഭവത്തിൽ ഉൾപ്പെട്ട വിവരം അറിയിച്ചത് മകളാണ്
പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ രാമചന്ദ്രന്റെ മകനോട് ശ്രീനഗറില്‍ എത്തേണ്ട എന്ന് അറിയിച്ചിട്ടുണ്ട്. മൃതദേഹവുമായി രാവിലെ 11.30ന് ശ്രീനഗറില്‍ നിന്ന് പുറപ്പെടുന്ന വിമാനം 7.30 നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. 8 മണിയോടെ പുറത്തിറക്കും. ജില്ല കലക്ടര്‍ മൃതദേഹം ഏറ്റുവാങ്ങും.
കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നില്‍ വച്ചാണ് സൈനിവേഷത്തിലെത്തിയ ഭീകരര്‍ വെടിയുതിര്‍ത്തത്. ഹൈദരാബാദിലെത്തിയശേഷമാണ് കുടുംബം കശ്മീരിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെയാണ് പഹൽഗാമിലെത്തുന്നത്. നാട്ടിലെ ബന്ധുക്കളെ വിളിച്ച് സംഭവത്തിൽ ഉൾപ്പെട്ട വിവരം അറിയിച്ചത് മകളാണ്. ആശുപത്രിയില്‍ എത്തി അച്ഛന്റെ മൃതദേഹം തിരിച്ചറിഞ്ഞെന്ന വിവരം അറിയിക്കുകയായിരുന്നു.
