
ഇന്നലെ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രത്തിലെ നിർദേശങ്ങൾ വെളിപ്പെടുത്തി വത്തിക്കാൻ. തനിക്ക് അന്ത്യ വിശ്രമം ഒരുക്കേണ്ടത് റോമിലെ ബസലിക്ക ഓഫ് സെന്റ് മേരീ മേജറിൽ തന്റെ സംസ്കാരം നടത്തണമെന്ന് പോപ്പ് ആവശ്യപ്പെട്ടിരുന്നതായും വത്തിക്കാൻ വ്യക്തമാക്കി. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ ഒന്നും തന്നെ വേണ്ടെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നുമാണ് അദ്ദേഹം നിർദേശം നൽകിയിരിക്കുന്നത്.
ആചാരങ്ങളുടെ ഭാഗമായി പോപ്പിന്റെ വസതി ചുവന്ന റിബൺ കെട്ടി മുദ്ര വെച്ചു. പോപ്പിന്റെ ചുമതല വഹിക്കുന്ന കാർഡിനാൾ കെവിന് ഫാരൽ ആണ് സീൽ വെച്ചത്. സാന്റ മർത്തയിൽ ആണ് മാർപാപ്പ താമസിച്ചിരുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ പേര് വത്തിക്കാന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തു. “Sedes vacans” (സീറ്റ് ഒഴിഞ്ഞുകിടക്കുന്നു) എന്ന ലാറ്റിൻ വാചകം വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നാളെ മുതൽ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. തുടർനടപടികൾ ആലോചിക്കാൻ കർദിനാൾമാരുടെ യോഗം ബുധനാഴ്ച ചേരും.
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പ്രത്യേക പ്രാർഥനകളിൽ പങ്കെടുത്ത് ആയിരങ്ങൾ. പോപ്പിന്റെ സംസ്കാര ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും.ഫ്രാൻസിസ് മാർപ്പയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം ആചരിക്കുന്നുണ്ട്. ഇന്നും നാളെയും സംസ്കാരം നടക്കുന്ന ദിവസവും ദുഃഖാചരണത്തിന് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
അതേസമയം, മാർപാപ്പയുടെ വിയോഗത്തിൽ ദു:ഖാചരണവുമായി രാജ്യങ്ങൾ. പോപ്പിന്റെ ജന്മനാടായ അർജന്റീനയിൽ ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. സ്പെയിനിൽ മൂന്ന് ദിവസത്തെ ദു:ഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഫ്രാൻസിലെ പ്രശസ്തമായ ഈഫൽ ടവറിന്റെ ലൈറ്റുകൾ അണച്ചു.
ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രി വാസത്തിലായിരുന്നു മാര്‍പാപ്പ. തുടര്‍ന്ന് വിശ്രമത്തിലിരിക്കെയായിരുന്നു 88-ാം വയസില്‍ വിയോഗം. വത്തിക്കാനിലെ സാന്താ മാര്‍ത്ത വസതിയില്‍ ഇന്ത്യന്‍ സമയം രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് അദ്ദേഹത്തിൻ്റെ മരണ കാരണമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.