
കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രത്യാശയുടെയും ഒരു ദീപസ്തംഭമായിരുന്നു ഫ്രാൻസിസ് മാർപാപ്പ.അദ്ദേഹത്തിന്റെ ആത്മാവ് നമ്മളിൽ എല്ലാവരിലും ദയയെ പ്രചോദിപ്പിക്കട്ടെ, അദ്ദേഹത്തിന്റെ പാരമ്പര്യം നമ്മെ കൂടുതൽ കരുണാമയവും ഐക്യവുമുള്ള ഒരു ലോകത്തിലേക്കും നയിക്കട്ടെ. എന്റെ ചിന്തകളിലും പ്രാർത്ഥനകളിലും അദ്ദേഹത്തെ നിലനിർത്തുന്നു, മോഹൻലാൽ കുറിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. ഒരു കുലീനമായ ആത്മാവിനെ ഇന്ന് ലോകത്തിന് നഷ്ടമായെന്നും അദ്ദേഹത്തിന്റെ മനുഷ്യാവകാശങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധത കാലത്തിന്റെ പരീക്ഷണത്തെ അതിജീവിക്കുമെന്നും മമ്മൂട്ടി കുറിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടൻ അനുശോചനം അറിയിച്ചത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉൾപ്പടെ നിരവധിപ്പേർ അനുശോചനം അറിയിച്ചിട്ടുണ്ട്. മനുഷ്യ സ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ കെ രാധാകൃഷ്ണന് എം പി അനുശോചിച്ചു. ക്രൈസ്തവ സഭയില്‍ നിര്‍ണായക പരിഷ്കാരങ്ങള്‍ അവതരിപ്പിച്ച വലിയ മനുഷ്യസ്നേഹിയെയാണ് ലോകത്തിന് നഷ്ടമായിരിക്കുന്നത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ സെന്റ് ഫ്രാന്‍സിസിന്റെ നാമധേയം സ്വീകരിച്ച് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷ പദവിയിലേക്ക് എത്തിയ മാര്‍പാപ്പയുടെ പിന്നീടുള്ള ജീവിതവും പേരിനോട് നീതി പുലര്‍ത്തുന്നതായിരുന്നു. വത്തിക്കാനിലെ കൊട്ടാരത്തില്‍ നിന്നും അതിഥി മന്ദിരത്തിലെ സാധാരണ മുറിയിലേക്ക് താമസം മാറിയ ഫ്രാന്‍സിസ് മാര്‍പാപ്പ ലളിത ജീവിതം കൊണ്ടും ലോകത്തിന് മാതൃകയായി.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് റവന്യൂ മന്ത്രി കെ രാജന്. ആഗോള കത്തോലിക്കാസഭയുടെ ആത്മീയാചര്യന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിടവാങ്ങിയെന്ന വാര്‍ത്ത വേദനയോടെയാണ് ശ്രവിച്ചത്. മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, സമ്പത്തും ആഡംബരവും ഉപേക്ഷിച്ച് ദാരിദ്ര്യത്തില്‍ ജീവിതത്തിന്റെ പ്രകാശം ഉണ്ടെന്ന് കണ്ടെത്തിയ അസീസ്സിയയിലെ ‘ഫ്രാന്‍സിസി’ന്റെ പേര് സ്വീകരിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടൊപ്പം ചേര്‍ന്നു നിന്നു.
ലളിത ജീവിതം കൊണ്ട് മാതൃക കാണിച്ച അദ്ദേഹം ലോകരാഷ്ട്രീയത്തിൽ നിർണായകമായ ഇടപെടലുകൾ നടത്തിയിരുന്നതായും മന്ത്രി കെബി ഗണേഷ് കുമാർ കുറിച്ചു. നിരവധി രാജ്യങ്ങൾ തമ്മിലുള്ള ശീതയുദ്ധങ്ങൾ അയവ് വരുത്തുന്നതിൽ മനുഷ്യസ്നേഹികൂടിയായ ഫ്രാൻസിസ് മാർപ്പാപ്പ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.