മൃതദേഹങ്ങൾ രാവിലെ ഒമ്പതു മണിക്ക് ജിസ്മോളുടെ ഭർത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഹാളിൽ എത്തിക്കും
കോട്ടയം: ഏറ്റുമാനൂരിൽ മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ യുവതിയുടെയും മക്കളുടെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ സംസ്കാര ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. ക്നാനായ സഭയുടെ നിയമങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്ത് ജിസ്മോളുടെ നാട്ടിലെ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ.
ക്നാനായ കത്തോലിക്ക സഭയുടെ നിയമം അനുസരിച്ച് വിവാഹിതയായ സ്ത്രീയുടെ സംസ്കാര ചടങ്ങുകൾ നടത്തേണ്ടത് ഭർത്താവിന്റെ ഇടവക പള്ളിയിലാണ്. എന്നാൽ, ജിസ്മോളുടെയും മക്കളുടെയും മരണത്തിന് കാരണം ഭർത്താവും വീട്ടുകാരുമാണെന്നാരോപിച്ച യുവതിയുടെ കുടുംബം സംസ്കാര ചടങ്ങുകൾ ജിസ്മോളുടെ ഭർത്താവിന്റെ ഇടവക പള്ളിയിൽ നടത്താനാകില്ലെന്ന നിലപാടെടുത്തു. ഇതേ തുടർന്ന് സഭാ നേതൃത്വം രണ്ട് ദിവസത്തോളം നടത്തിയ ചർച്ചകളുടെയും കൂടിയാലോചനകളുടെയും ഒടുവിലാണ് ജിസ്മോളുടെ ജന്മനാട്ടിലെ പള്ളിസെമിത്തേരിയിൽ സംസ്കാരം നടത്താൻ അനുമതി നൽകിയത്.
ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ സംസ്കരിക്കുക. ഇന്നു വൈകിട്ട് 3.30നാണ് സംസ്കാരം. മൃതദേഹങ്ങൾ രാവിലെ ഒമ്പതു മണിക്ക് ജിസ്മോളുടെ ഭർത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഹാളിൽ എത്തിക്കും. തുടർന്ന് ഒന്നര മണിക്കൂർ ഇവിടെ പൊതുദർശനമുണ്ടാകും. അതേസമയം, ജിമ്മിയുടെ വീട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകില്ല. പൊതുദർശനത്തിനുശേഷം ഉടൻ മൃതദേഹങ്ങൾ പാലായിലേക്ക് കൊണ്ടുപോകും. ജിസ്മോളുടെയും മക്കളുടെയും മൃതദേഹം നിലവിൽ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്.
ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യയായ ജിസ്മോൾ തോമസ്, മക്കളായ നോഹ(5), നോറ(2) എന്നിവരാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ മീനച്ചിലാറ്റിൽ ചാടി മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജിസ്മോൾ കുഞ്ഞുങ്ങളുമായി മീനച്ചിലാറ്റിൽ ചാടിയത്. പുഴയിൽ ചൂണ്ടയിടാനെത്തിയവരാണ് ഒഴുകി എത്തുന്ന നിലയിൽ ജിസ്മോളെയും കുഞ്ഞുങ്ങളെയും കണ്ടത്. തുടർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
രാവിലെ വീട്ടിൽവെച്ച് കൈത്തണ്ടമുറിച്ചും മക്കൾക്ക് വിഷംനൽകിയും ആത്മഹത്യാശ്രമം നടത്തിയ ജിസ്മോൾ, ഇത് പരാജയപ്പെട്ടതോടെ സ്കൂട്ടറിലാണ് പള്ളിക്കുന്ന് കടവിൽ എത്തിയത്. ഇവരുടെ സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ടനിലയിൽ കണ്ടെത്തിയിരുന്നു. മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റാണ് ജിസ്മോൾ തോമസ്. ഹൈക്കോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായി പ്രവർത്തിച്ചുവരികയായിരുന്നു. കുടുംബപ്രശ്നങ്ങൾ ജിസ്മോളെ അലട്ടിയിരുന്നതായാണ് പോലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അയർക്കുന്നം പോലീസ് വ്യക്തമാക്കി.
ഭർത്താവിന്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ രാവിലെ ആശുപത്രിയിൽ പോയിരുന്നു. അവർ എത്തുന്നതിന് മുമ്പാണ് ആത്മഹത്യ. സ്കൂട്ടറിൽ മക്കളുമായി എത്തിയ ജിസ്മോൾ, മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവർ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെ ആദ്യം കണ്ടത്. രണ്ടു കുട്ടികളെയും കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇതോടെ നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തി.
