കുരിശുമല സ്പെഷ്യല്‍ ഡ്യൂട്ടിക്ക് പോവാനുള്ളത് കൊണ്ട് ആംബുലന്‍സ് വിട്ടുതരാന്‍ കഴിയില്ലെന്നാണ് 108 അധികൃതര്‍ നല്കിയ മറുപടി
തിരുവനന്തപുരം: ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ 108 ആംബുലന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് രോഗിക്ക് ദാരുണാന്ത്യം. കൃത്യ സമയത്ത് ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് വെള്ളറട സ്വദേശിനി ആന്‍സിയാണ് മരിച്ചത്. വെള്ളറട ദേവി ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ വേണ്ടിയാണ് 108 ആംബുലന്‍സിനെ വിളിച്ചത്.
പ്ലേറ്റ്ലെറ്റ് അളവടക്കം കുറഞ്ഞ സ്ഥിതിയിലായ രോഗിയെ മാറ്റാന്‍ ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ആവശ്യമുള്ളതിനാലും സാമ്പത്തികമായി പിന്നോക്കമുള്ള രോഗിയായതിനാലുമാണ് 108നെ വിളിച്ചത്. എന്നാല്‍ കുരിശുമല സ്പെഷ്യല്‍ ഡ്യൂട്ടിക്ക് പോകാനുള്ളത് കൊണ്ട് ആംബുലന്‍സ് വിട്ടുതരാന്‍ കഴിയില്ലെന്നാണ് 108 അധികൃതര്‍ നല്കിയ മറുപടി.
ഒന്നര മണിക്കൂറിന് ശേഷം ഓക്സിജനില്ലാത്ത സ്വകാര്യ ആംബുലന്‍സിലാണ് രോഗിയെ കൊണ്ടുപോകാന്‍ സാധിച്ചത്. എന്നാല്‍ യാത്രക്കിടെ നെയ്യാറ്റിന്‍കരയിലെത്തിയപ്പോള്‍ ആന്‍സി മരിക്കുകയായിരുന്നു.
വെള്ളറട പിഎച്ച്സിയില്‍ 108 ആംബുലന്‍സുണ്ടല്ലോയെന്ന് ആനി ചോദിച്ചപ്പോള്‍ അതും തൊട്ടപ്പറത്തുള്ള ആംബുലന്‍സും സ്പെഷ്യല്‍ ഡ്യൂട്ടിക്ക് വേണ്ടി തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നായിരുന്നു മറുപടി. പാറശാല, വെള്ളറട കുരിശുമല ഡ്യൂട്ടിക്ക് വേണ്ടിയായിരുന്നു ആംബുലന്‍സ് മാറ്റി വെച്ചത്. മറ്റ് ആംബുലന്‍സുകള്‍ തിരക്കിലാണെന്നുമായിരുന്നു മറുപടി. രോഗി സാമ്പത്തികമായി പിന്നോക്കമാണ്, അതുകൊണ്ടാണ് 108 വിളിച്ചതെന്നും ഒരു മണിക്കൂറിനുള്ളില്‍ ഓക്സിജന്‍ ആവശ്യമാണെന്നും മെമ്പര്‍ പറഞ്ഞിട്ടും ആംബുലന്‍സ് നല്‍കിയില്ല.
