
ചെന്നൈ: തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജാതിപ്പേരുകള്‍ നല്‍കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി. ജാതി വെളിപ്പെടുത്തുന്ന പേരുകള്‍ നല്കുന്ന സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അടുത്ത അധ്യയന വര്‍ഷം മുതല്‍ അംഗീകാരം നല്‍കരുതെന്നും ജസ്റ്റിസ് ഡി ഭരത ചക്രവര്‍ത്തി ഉത്തരവിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കുന്നവരുടെ ജാതി പേരുകളും പ്രദര്‍ശിപ്പിക്കരുത്.
നിലവില്‍ ജാതിപ്പേരുകള്‍ ഉള്ള സ്കൂളുകള്‍ 4 ആഴ്ചയ്ക്കുള്ളില്‍ അത്തരം പരാമര്‍ശങ്ങള്‍ നീക്കണം എന്നും കോടതി ഉത്തരവിട്ടു. ഏതെങ്കിലും സ്കൂളോ കോളേജോ നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍, അവയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും വിദ്യാര്‍ത്ഥികളെ അടുത്ത വര്‍ഷം സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.