ബിജെപി സര്‍ക്കാരിനെതിരെ വീണ്ടും തമിഴ്നാട് സർക്കാർ രംഗത്ത്. സമഗ്ര ശിക്ഷ പദ്ധതി പ്രകാരം ലഭിക്കേണ്ട കേന്ദ്രവിഹിതം തടഞ്ഞു വച്ചതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. 2152 കോടി രൂപയാണ് കേന്ദ്രവിഹിതം ലഭിക്കാനുള്ളത്. പി എം ശ്രീ പദ്ധതിയിലെ ധാരണ പത്രത്തില്‍ ഒപ്പുവയ്ക്കാത്ത കേരളം, തമിഴ്നാട്, ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കെതിരെയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടി. ഫണ്ട് തടഞ്ഞത് സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ട് പരാതി നല്‍കിയിരുന്നു. ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചെങ്കിലും കേന്ദ്രം ഫണ്ട് അനുവദിച്ചില്ല.
മറ്റൊരു കേന്ദ്ര പദ്ധതിയായ പിഎം ശ്രീയ്ക്കുള്ള ധാരണാപത്രത്തില്‍ തമിഴ്നാട് ഒപ്പുവെച്ചാല്‍ മാത്രമേ ഫണ്ട് അനുവദിക്കൂ എന്ന നിലപാടിലാണ് കേന്ദ്രം. ഇതോടെയാണ് ഗവര്‍ണര്‍ക്കെതിരായ നിയമ പോരാട്ടത്തിന് പിന്നാലെ കേന്ദ്ര ഫണ്ടിനായി തമിഴ്നാട് സുപ്രീംകോടതിയെ സമീപിക്കുന്നത്. പിഎം ശ്രീ പദ്ധതിയുമായി മറ്റൊരു കേന്ദ്ര പദ്ധതിയായ സമഗ്രശിക്ഷാ പദ്ധതി ഫണ്ട് ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് തമിഴ്നാട് ചുണ്ടിക്കാട്ടുന്നു. മാത്രമല്ല, പിഎം ശ്രീ ധാരണ പത്രത്തില്‍ ഒപ്പുവയ്ക്കാത്ത കേരളം, ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര വിഹിതം നല്‍കിയിട്ടില്ല.
ഡോ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്കിയ മറുപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് സമ്മതിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം 37,000 കോടി രൂപ വകയിരുത്തിയ പദ്ധതിയില്‍ കേരളത്തിന് ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി പങ്കജ് ചൗധരി മറുപടി നല്‍കിയിരുന്നു. കേരളത്തിന് 328 കോടിയും പശ്ചിമബംഗാളിന് 1745 കോടിയും അനുവദിച്ചിരുന്നെങ്കിലും ഒരു രൂപ പോലും നല്‍കിയിട്ടില്ല. അതേസമയം ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിന് 4487 കോടി രൂപ കേന്ദ്രം നല്കി കഴിഞ്ഞു. എസ്എസ്എ ഫണ്ടിംഗ് നിഷേധിക്കുന്നതു വഴി സംസ്ഥാനത്തെ പ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള സ്കൂളുകളുടെ വികസന പദ്ധതികളെയാണ് കേന്ദ്രം ഇല്ലാതാക്കുന്നത്.
