ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയ പരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. സമയപരിധി ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. തുടർ സാധ്യതകൾ തേടാൻ ആഭ്യന്തര മന്ത്രാലയം നീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം. സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നുമാണ് സർക്കാരിന്റെ വാദം.
പല സംസ്ഥാനങ്ങളിലെയും ബില്ലുകളെ കോടതി വിധി ബാധിക്കുമെന്നിരിക്കെയാണ് കേന്ദ്രം തുടർ നിയമനടപടിക്ക് നീങ്ങുന്നത്. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബഞ്ചിന് മുൻപാകെയാകും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നൽകുക. പരമാവധി മൂന്ന് മാസമാണ് ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സുപ്രീംകോടതി സമയം അനുവദിച്ചത്.
തന്റെ പരിഗണനയ്ക്ക് വരുന്ന ബില്ലുകൾ ഒന്നുകിൽ അംഗീകരിക്കാനോ അല്ലെങ്കിൽ അംഗീകാരം നൽകുന്നില്ലെന്ന് വ്യക്തമായ കാരണങ്ങളോടെ സംസ്ഥാനങ്ങളെ അറിയിക്കാനോ മൂന്ന് മാസത്തെ സമയപരിധി രാഷ്ട്രപതിക്കും ഉത്തരവ് നൽകുന്നു. രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരം ഇല്ലെന്നും പിടിച്ചുവെക്കുന്ന ബില്ലുകളിൽ വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചാൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാമെന്നും കോടതി ഉത്തരവിട്ടു.
