
കോഴിക്കോട് പേരാമ്പ്രയില്‍ ദേശീയപാത നിർമാണ സാമഗ്രികൾ സൂക്ഷിച്ച യാര്‍ഡില്‍ തീപിടിത്തം. ചെറുകുന്ന് റോഡരികിലുള്ള യാര്‍ഡില്‍ പഴയ ബിറ്റുമിന്‍ സ്റ്റോറേജ് ടാങ്ക്, ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ രണ്ട് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. സ്റ്റോറേജ് ടാങ്കില്‍ ടാർ ആയിരുന്നതിനാല്‍ വെള്ളം ഉപയോഗിച്ച് തീയണക്കാനായില്ല. തുടര്‍ന്ന് 500 ലിറ്ററോളം ഫോം ഉപയോഗിച്ചാണ് തീയണച്ചത്.
കനത്ത പുക ഉയർന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. തീയണക്കാനുള്ള വെള്ളം അപ്പോളോ ടയര്‍ കമ്പനിയില്‍ നിന്ന് ലഭിച്ചത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി. നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും തീപിടിത്തത്തിൽ ആളപായം ഉണ്ടായില്ല. ചാലക്കുടി, പുതുക്കാട് അഗ്നിരക്ഷാ നിലയങ്ങളില്‍ നിന്നായി മൂന്ന് യൂനിറ്റ് എത്തിയാണ് തീയണച്ചത്. ഫയര്‍ സ്റ്റേഷന് ഓഫീസർ പി.ജി. ദിലീപ് കുമാര്‍, അസി. സ്റ്റേഷന് ഓഫിസര്‍ ടി. സന്തോഷ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി.