
ചുരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിന് 17 കോടി രൂപ കൂടി അധികമായി നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പ്രഖ്യപിച്ചത്. ഹൈക്കോടതി രജിസ്ട്രറിയിൽ തുക നിക്ഷേപിക്കാനും നിർദേശത്തിൽ പറയുന്നു.ഏറ്റെടുത്ത ഭൂമിക്ക് പകരമായി 26 കോടി രൂപ നൽകാനായിരുന്നു സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. പുനരധിവസിപ്പിക്കാനുള്ള ടൗണ്‍ഷിപ്പ് നിർമാണത്തിന് എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിന്റെ നഷ്ടപരിഹാരമായി 26 കോടി രൂപ സർക്കാർ ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവെയ്ക്കാനും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുട ബെഞ്ച് നിർദേശിച്ചു.
ഹാരിസന്റെ ഉടമസ്ഥതയിലുള്ള നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയുമാണ് പുനരധിവാസ പദ്ധതിക്കായി ഏറ്റെടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ തൽക്കാലം എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുത്താൽ മതി എന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം സർക്കാർ കോടതിയെ അറിയിച്ചു. പിന്നീട് ഏറ്റെടുക്കേണ്ട ആവശ്യം വന്നാൽ കോടതിയിൽ അപേക്ഷ നൽകാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.നഷ്ടപരിഹാര തുക നേരിട്ടു ലഭിക്കണമെന്നും അതല്ലാതെ ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്നുമായിരുന്നു എൽസ്റ്റണിന്റെ ആവശ്യം. മാത്രമല്ല, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വേണം ഭൂമി ഏറ്റെടുക്കാൻ. സർക്കാർ നിശ്ചയിച്ചിട്ടുള്ള 26 കോടി രൂപയുടെ നഷ്ടപരിഹാരം തീരെ കുറവാണെന്നും എൽസ്റ്റൺ അഭിഭാഷകൻ വാദിച്ചിരുന്നു.