ചാമ്പക്ക തരാം എന്ന് പറഞ്ഞാണ് വിളിച്ചുകൊണ്ടുപോയത്
തൃശൂർ : തൃശൂർ മാളയിൽ അറ് വയസുകാരനെ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ നിർണായക വിവരങ്ങൾ പുറത്ത്. കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.
ഇന്നലെ വൈകിട്ട് 5:30 യോടെയാണ് വീടിന് സമീപത്ത് കൂട്ടുകാരൊത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരനെ 20 വയസുകാരൻ വിളിച്ചുകൊണ്ടുപോകുന്നത്. ചാമ്പക്ക തരാം എന്ന് പറഞ്ഞാണ് വിളിച്ചുകൊണ്ടുപോയത്. കുട്ടികൾക്ക് ഇയാളെ നേരത്തെ പരിചയമുണ്ടായിരുന്നു. ജാതി തോട്ടങ്ങൾക്ക് നടുവിലൂടെ കുളക്കരയിലേക്ക് ഇരുവരും പോയത്. അവിടെ എത്തിയശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. വീട്ടിൽ പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. പറഞ്ഞുകൊടുക്കുമെന്ന് കുട്ടി ആവർത്തിച്ചപ്പോൾ വായ പൊത്തിപ്പിടിച്ച് കുളത്തിലേക്ക് പിടിച്ചു തള്ളി. കറിയിലേക്ക് കയറി വരാൻ കുട്ടി ശ്രമിച്ചപ്പോൾ വീണ്ടും തള്ളിയിട്ടു. മൂന്നാം തവണ കുളത്തിന്റെ ആഴത്തിലേക്ക് പിടിച്ചു തള്ളി.
കുട്ടിക്കായുള്ള തെരച്ചിൽ വഴി തെറ്റിക്കാനും പ്രതി ശ്രമിച്ചു. തെരച്ചിലിൽ പ്രതിയും നാട്ടുകാർക്കൊപ്പം കൂടിയിരുന്നു. പിന്നാലെ സംശയം തോന്നി ജോജോയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. പ്രതി ജോജോ നേരത്തെ ക്രിമിനൽ കേസിൽ പെട്ടയാളാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. മോഷണക്കേസ് പ്രതിയായ ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
