
ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിട്ടും രാജ്യത്തെ ഇന്ധനവില കുറയാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്
ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയിലെ ഇന്ധന വില കുറയുന്നില്ല. നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ക്രൂഡ് ഓയിൽ വിൽപ്പന നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫും സൗദി അറേബ്യ ക്രൂഡ് ഓയിൽ വില കുറച്ചതുമാണ് ക്രൂഡ് ഓയിലിന് വില കുറയാൻ കാരണമായത്.
ക്രൂഡ് ഓയിൽ വില ഇടിയുമ്പോൾ തന്നെ കേന്ദ്രസർക്കാർ ഇന്ധന തീരുവ കൂട്ടുന്നതാണ് വില കുറയാത്തതിന് കാരണമായി എണ്ണകമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. മൂന്നു മാസത്തിനിടയിൽ നാലു രൂപയാണ് തീരുവ വർധനവ് ഉണ്ടായത്.
സൗദി നിരക്ക് കുറച്ചതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 60 ഡോളറിൽ താഴെയായിയിരുന്നു. ഇന്ത്യയിൽ ഇന്നത്തെ വില നിലവാരം വെച്ച് ഒരു ബാരൽ ക്രൂഡ് ഓയിലിന് 5664 രൂപയാണ് വില. 2021 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞയാഴ്ച ക്രൂഡ് ഓയിൽ വില 11 ശതമാനത്തോളം ഇടിഞ്ഞിരുന്നു. സൗദി അരാംകോ അറബ് ലൈറ്റ് ക്രൂഡിന്റെ വില ബാരലിന് 2.30 ഡോളർ വരെ കുറയ്ക്കാനുള്ള സാധ്യതയും ഉണ്ട്.
രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ൽ വില തത്വത്തിൽ ആഗോളതലത്തിലെ ക്രൂഡ് ഓയിൽ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇന്ധന വില നിയന്ത്രണം എണ്ണകമ്പനികൾക്ക് നൽകിയപ്പോൾ വിഭാവനം ചെയ്തിരുന്നത് ക്രൂഡ് ഓയിൽ വില കുറയുമ്പോൾ ഇന്ധനവില കുറയുകയും ക്രൂഡ് ഓയിൽ വില വർധിപ്പിക്കുമ്പോൾ ഇന്ധനവില കൂടുകയും ചെയ്യും എന്നതായിരുന്നു. എന്നാൽ ഇന്ത്യയിൽ സ്വകാര്യ കമ്പനികൾ നിശ്ചയിക്കുന്ന റീട്ടെയ്ൽ വിലയോടൊപ്പം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതികൾ കൂടി ചേർന്നാണ് പെട്രോൾ ഡീസൽ റീട്ടെയ്ൽ വില നിശ്ചയിക്കപ്പെടുന്നത്.
ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്ന സമയത്തെല്ലാം പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുന്നുണ്ടെങ്കിലും ക്രൂഡ് ഓയിൽ വില കുറയുന്ന സമയത്ത് പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കേന്ദ്രസർക്കാർ വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ നിലവിലെ അതേവിലയിൽ തന്നെ ഉപഭോക്താവ് പെട്രോൾ വാങ്ങേണ്ടി വരും.
2014 മെയിൽ അധികാരത്തിലെത്തിയ ശേഷം 2020 വരെയുള്ള കാലയളവിൽ പെട്രോളിന് 258 ശതമാനവും ഡീസലിന് 819 ശതമാനവുമാണ് എക്സൈസ് തീരുവയിൽ കേന്ദ്രസർക്കാർ വർധനവ് വരുത്തിയത്. പിന്നീട് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചപ്പോള്‍ ഈ തീരുവയില്‍ കുറവ് വരുത്തിയിരുന്നു. ഏറ്റവുമൊടുവില്‍ ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പെട്രോളിനും ഡീസലിനും 2 രൂപ കേന്ദ്രം കുറച്ചിരുന്നു.