കേരളത്തിന് ഇത് അഭിമാന നിമിഷം. ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ കണ്ടെയ്നർ കപ്പലായ എംഎസ്സി തുർക്കിയെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് സ്വാഗതം ചെയ്തു. ലോകോത്തര നിലവാരത്തിലും ഭാവി ആവശ്യങ്ങൾക്കനുസരിച്ചുമുള്ള സൗകര്യങ്ങളോടെ നിർമ്മിച്ചിട്ടുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഈ ഭീമൻ കപ്പലിനെ സ്വീകരിച്ചതോടെ കൂടുതൽ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.
മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (എംഎസ്സി) അത്യാധുനിക എഞ്ചിനീയറിംഗ് വിസ്മയമായ എംഎസ്സി തുർക്കിക്ക് 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയും 33.5 മീറ്റർ ആഴവുമുണ്ട്. 24,346 ഇരുപതടി കണ്ടെയ്നറുകൾ (TEU) വരെ വഹിക്കാൻ ശേഷിയുള്ള ഈ കപ്പൽ, ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിൽ ഒന്നുമാണ്.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏക ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബ് എന്ന വിശേഷണം വിഴിഞ്ഞം തുറമുഖത്തിനുണ്ട്. അന്താരാഷ്ട്ര കപ്പൽ പാതകൾക്ക് ഏറ്റവും അടുത്തും ഇന്ത്യൻ തീരപ്രദേശത്തിൻ്റെ മധ്യഭാഗത്തുമാണ് ഇതിൻ്റെ സ്ഥാനം. യൂറോപ്പ്, പേർഷ്യൻ ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യ, ഫാർ ഈസ്റ്റ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന കിഴക്ക്-പടിഞ്ഞാറ് ഷിപ്പിംഗ് പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ (19 കിലോമീറ്റർ) മാത്രമാണ് വിഴിഞ്ഞത്തിലേക്കുള്ള ദൂരം. ഈ സവിശേഷതകൾ വിഴിഞ്ഞം തുറമുഖത്തെ ലോക ശ്രദ്ധാകേന്ദ്രമാക്കുന്നു.
