
കാഞ്ഞങ്ങാട്: സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ആശുപത്രി നഴ്സിങ് സ്കൂളിലെ വാർഡൻ ഓമനക്കെതിരെ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി. പാണത്തൂര്‍ സ്വദേശി ചൈതന്യ ജീവനൊടുക്കിയ സംഭവത്തിലാണ് നഴ്സിങ് സ്കൂൾ വാർഡനെതിരെ പ്രേരണക്കുറ്റം ചുമത്തിയത്. ഹോസ്ദുർഗ് പൊലീസ് ഇതുസംബന്ധിച്ച് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് മൻസൂര്‍ ആശുപത്രി നഴ്സിങ് കോളേജ് ഹോസ്റ്റൽ മുറിയിൽ ചൈതന്യ ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നാലെ വിദ്യാർഥിനിയുടെ മരണത്തിൽ പ്രതിഷേധം ശക്തമാവുകയും തുടർന്ന് വാർഡനെതിരെ നിസ്സാര വകുപ്പിൽ കേസെടുക്കുകയും ചെയ്തിരുന്നു. വിദ്യാർഥിനി മരിച്ചതിന് പിന്നാലെ അസ്വാഭാവിക മരണത്തിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിലാണ് ആത്മഹത്യ പ്രേരണ കുറ്റത്തിന്റെ വകുപ്പുകൾ ചേർത്തത്. വാർഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി നഴ്സിങ് വിദ്യാർഥിനികൾ കഴിഞ്ഞ ദിവസം വീണ്ടും മൊഴി നൽകിയതോടെയാണ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ നിർബന്ധിതമായത്. പിന്നാലെ ചൈതന്യയുടെ മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വരുത്തി വീണ്ടും മൊഴിയെടുത്തിരുന്നു.