‘കാലിക്കറ്റ്’ സര്‍വകലാശാലയില്‍ 42 ഏക്കര്‍ ഭൂമി സ്വകാര്യ ഏജന്‍സിക്ക് നല്കാന് തീരുമാനം
എം. എസ്. സനില്‍ കുമാര്‍
തിരുവനന്തപുരം: വികസനത്തിന്റെ മറവില്‍ സര്‍വ്വകലാശാലകളുടെ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയില്‍ സര്‍ക്കാര്‍ ഒത്താശയോടെ ഭൂമാഫിയകള്‍ പിടിമുറുക്കുന്നു.
400 കോടി രൂപ വില വരുന്ന കേരള സര്‍വകലാശാലയുടെ 37 ഏക്കര്‍ ഭൂമി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ വിട്ടു കൊടുത്തതിന് സമാനമായി കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസ്സില്‍, നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് 42ഏക്കര്‍ ഭൂമി സ്വകാര്യ ഏജന്‍സിക്ക് ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ സൗജന്യമായി വിട്ടു നല്‍കാനുള്ള നടപടിക്ക് കാലിക്കറ്റ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം.
സംസ്ഥാന സ്പോര്‍ട്ട്സ് മന്ത്രി വി. അബ്ദു റഹ്മാന്റെ നിര്‍ദ്ദേശാനുസരണമാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. ഏകദേശം 500 കോടി രൂപ വിലവരുന്ന സര്‍വ്വകലാശാല ഭൂമിയാണ് സ്വകാര്യ ഏജന്‍സിക്ക് ഫുട്ട്
ബാള്‍ സ്റ്റേഡിയം, സ്വിമ്മിങ്പൂള്‍, ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് വിട്ടുകൊടുക്കുവാന്‍ ധാരണയായി രിക്കുന്നത്. സിന്‍ഡിക്കേറ്റ് ഉപസമിതി അംഗങ്ങള്‍ കഴിഞ്ഞ ദിവസം മന്ത്രിയുമായി ചര്‍ച്ച നടത്തി സര്‍വകലാശാല ഭൂമി കൈമാറാനുള്ള സമ്മതം അദ്ദേഹത്തെ അറിയിച്ചു.
2022 ഡിസംബര്‍ വരെ പാട്ടത്തുകയായി കേരള സര്‍വകലാശാലയ്ക്ക് 70 കോടി രൂപ കുടിശ്ശികയായി ലഭിക്കാന്‍ ഉണ്ടെന്ന് സി. ആര്. മഹേഷിന്റെ ചോദ്യത്തിന് നിയമസഭയില്‍ വെളിപ്പെടുത്തിയ സ്പോര്‍ട്സ് വകുപ്പ് മന്ത്രി അബ്ദുറഹ്മാന് തന്നെയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി സ്റ്റേഡിയത്തിന് വിട്ടുനല്‍കാന്‍ നിര്‍ദ്ദേശിച്ചത്. നിലവില്‍ 84 കോടി രൂപ പാട്ട കുടിശ്ശിക ഉണ്ടെങ്കിലും കേരള സര്‍വകലാശാല അധികൃതര്‍ മേല്‍ നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറായിട്ടില്ല.
കേരള, കുസാറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളോട് അനുബന്ധമായി സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തത്തോടെ സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് പിന്നിലും ഭൂമാഫികളുടെ സമ്മര്‍ദ്ദം ഉണ്ടെന്നറിയുന്നു. കേരള സര്‍വകലാശാലയുടെ കാര്യവട്ടത്തെ നൂറുകോടി രൂപ വില വരുന്ന പത്തേക്കര്‍ ഭൂമി സയന്‍സ് പാര്‍ക്കിനു സൗജന്യമായി വിട്ടുകൊടുക്കാന്‍ കേരള സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ട് ഏറെ നാളായില്ല. 2010 ല്‍ അച്ചൂതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സ്പോര്‍ട്ട്സ് മന്ത്രി യായിരുന്ന എം. വിജയകുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേരള സര്‍വ്വകലാശാല ഭൂമി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെ.ബി. ഗണേഷ് കുമാര്‍ സ്പോര്‍ട്ട്സ് വകുപ്പു മന്ത്രിയായിരുന്നപ്പോഴാണ് 15 വര്‍ഷത്തെ പാട്ട വ്യവസ്ഥയില്‍ 37 ഏക്കര്‍ ഭൂമി കൈമാറിയത്.
സ്റ്റേഡിയത്തിനു പുറമേ സിനിമ തീയറ്ററുകള്‍, റസ്റ്റോറന്റ്, നീന്തല്‍ കുളം, വിവാഹ മണ്ഡപം, കോണ്‍ഫറന്‍സ് ഹാളുകള്‍, സോഫ്റ്റ്വെയര് കമ്പനി തുടങ്ങിയ സ്റ്റേഡിയത്തോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്. 2012 ല്‍ ഡിജിപി ആയിരുന്ന ജേക്കബ് പുന്നൂസ് ആണ് നാഷണല്‍ ഗെയിംസ് സെക്രട്ടേറിയറ്റിനു വേണ്ടി കരാറുകളില്‍ ഒപ്പുവച്ചതെങ്കിലും സ്റ്റേഡിയം നിര്‍മ്മാണം സര്‍ക്കാര്‍ DBOT വ്യവസ്ഥയില്‍ ഒരു സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കുകയായിരുന്നു. ഫലത്തില്‍ സര്‍വ്വകലാശാലയുടെ 37 ഏക്കര്‍ ഭൂമിയും സ്റ്റേഡിയവും, അനുബന്ധ സ്ഥാപനങ്ങളും നിലവില്‍ ആരുടെ ചുമതലയിലെന്ന് പോലും സര്‍വ്വകലാശാലയ്ക്ക് അറിയില്ല.
സമാനമായാണ് കാലിക്കറ്റ് സര്‍വകലാശാല 42 ഏക്കര്‍ ഭൂമി നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
ഭൂമി ഏറ്റെടുത്ത് സ്റ്റേഡിയം, വ്യവസായസമുച്ചയം എന്നിവ നിര്‍മ്മിക്കാന്‍ ചില സ്വകാര്യ ഏജന്‍സികള്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുംമുന്പ് കരാറില്‍ ഒപ്പു വയ്ക്കാന്‍ മന്ത്രിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് സ്വന്തമായി ഒരു സ്റ്റേഡിയം ക്യാമ്പസ്സിനുള്ളിലു ള്ളപ്പോള്‍ മറ്റൊരു സ്റ്റേഡിയത്തിന്റെ ആവശ്യമെന്തെന്നാണ് സര്‍വ്വകലാശാല അധ്യാപകരും
ജീവനക്കാരും വിദ്യാര്‍ഥികളും ആരായുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നിരവധി നൂതന കോഴ്സുകള്‍ ആരംഭിക്കുന്നതിന് കൂടുതല്‍ സ്ഥലം സവ്വകലാശാലയ്ക്ക് ആവശ്യമുള്ളപ്പോഴാണ്
സര്‍ക്കാര്‍ ചില ബാഹ്യ ഏജന്‍സികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയിരിക്കുന്നത്.
