സനില്‍ ശശിധരന്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട മുതിര്‍ന്ന നേതാവ് പി ജയരാജനെ തളിപ്പറമ്പില്‍ മത്സരിപ്പിക്കാന്‍ ആലോചന. സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായ എം വി ഗോവിന്ദന് മാസ്റ്ററെ ഒഴിവാക്കിയാകും പി ജയരാജനെ മത്സരിപ്പിക്കുക. ഇതുവഴി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കാന്‍ സാധിക്കുമെന്നും സിപിഎം കണക്കു കൂട്ടുന്നു.
നിലവില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാണ് പി ജയരാജന്. നേരത്തെ കൂത്തുപറമ്പില്‍ നിന്നും എം എല്‍ എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത്തവണ സ്ഥാനാര്‍ഥിയാകുകയും എല്‍ ഡി എഫ് അധികാരത്തിലെത്തുകയും ചെയ്താല്‍ പി ജയരാജന് മന്ത്രിയാകും എന്നതും ഉറപ്പാണ്. അതിനാല്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അമര്‍ഷം ഇതുവഴി അവസാനിപ്പിക്കാന്‍ പറ്റുമെന്നും സിപിഎം കണക്കു കൂട്ടുന്നു.
ജയരാജനെ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ ഇതിനു പരിഹാരം കണ്ടെത്താനും നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പ്രതിഷേധം എങ്ങനെ മറികടക്കും എന്ന കാര്യത്തില്‍ ആകെ ആശയകുഴപ്പത്തിലാണ് നേതാക്കളും. പി ജയരാജനെക്കാള്‍ എത്രയോ ജൂനിയര്‍ നേതാക്കള്‍ സെക്രട്ടറിയറ്റില്‍ വന്നിട്ടും അര്‍ഹമായ പരിഗണന നല്‍കാതെ ഒതുക്കുകയാണ് നേതൃത്വം എന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
തളിപ്പറമ്പിലോ കൂത്തുപറമ്പിലോ പി ജയരാജനെ മത്സരിപ്പിക്കണം എന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. കൂത്തുപറമ്പ് ആണെങ്കില്‍ മിന്നും ജയം നേടാന്‍ കഴിയും എന്നും വിലയിരുത്തല്‍ ഉണ്ട്. എന്നാല്‍, തളിപ്പറമ്പ് ആണ് നേതൃത്വം മുന്നില്‍ കാണുന്നത്.
