കണ്ണൂർ: കണ്ണൂർ പറശ്ശിനിക്കടവിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേർ പൊലീസ് പിടിയിൽ. ഇവരിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി. കണ്ണൂർ മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ, ഇരിക്കൂർ സ്വദേശി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.
അതേസമയം പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിൻറെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീടുകളിൽ നിന്ന് ഇറങ്ങിയതാണ് ഇവരെന്ന് പൊലീസ് കണ്ടെത്തി. എംഡിഎംഎയ്ക്ക് പുറമെ എംഡിഎംഎ ഉപയോഗിക്കാനുള്ള ടെസ്റ്റ് ട്യൂബുകളും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്. പല സ്ഥലങ്ങളിൽ മുറിയെടുത്ത് ഇവർ മയക്കു മരുന്ന് ഉപയോഗിച്ച് വരികയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
