തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ-കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ ഘടിപ്പിക്കും. വെള്ളിയാഴ്ച ചേരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ഇത് സംബന്ധിച്ച ശുപാർശ പരിഗണിക്കും. ഡ്രൈവർ ഉറങ്ങിയുള്ള അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. കൂടാതെ ദൃശ്യങ്ങൾ പരിശോധിക്കാൻ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും.
അലക്ഷ്യമായ ഡ്രൈവിങ്, മൊബൈൽഫോൺ ഉപയോഗം എന്നിവയും ക്യാമറയിൽ പകർത്തും. ഡ്രൈവർ ക്യാബിനുള്ളിൽ ഡ്രൈവറുടെ ചലനങ്ങൾ പകർത്തനാണ് ക്യാമറ ഘടിപ്പിക്കുക. നിലവിൽ ബസുകളിൽ അഞ്ച് ക്യാമറകൾ ഘടിപ്പിക്കണമെന്നാണ് വ്യവസ്ഥ. മുന്നിലേക്കും പിന്നിലേക്കും ഉൾവശത്തേക്കുമാണ് ആദ്യഘട്ടത്തിൽ ക്യാമറ നിർബന്ധമാക്കിയത്. ഇതിനുപുറമേ രണ്ട് ഫുട്ബോർഡുകളിലും ക്യാമറ പിടിപ്പിക്കാൻ പിന്നീട് തീരുമാനിച്ചു. അന്തർസംസ്ഥാന സർവീസുകൾക്ക് ഉപയോഗിക്കുന്ന ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്കും പുതിയ ഭേദഗതി ബാധകമാണ്
