തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിലെ രാസലഹരി ഉപയോക്താക്കളായ ജീവനക്കാർക്ക് തിരിച്ചടി. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കിടയിൽ പരിശോധന നടത്തി പിടിക്കപ്പെടുന്നവരെ പിരിച്ചുവിടാനുള്ള പദ്ധതിയിൽ ചേർന്നു പ്രവർത്തിക്കാൻ പൊലീസും സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളും തയ്യാറെടുക്കുന്നു.സംസ്ഥാനത്ത് രാസലഹരി ഉപയോഗിക്കുന്ന യുവാക്കളിൽ 70 ശതമാനവും നല്ല ശമ്പളത്തോടെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവർക്ക് തടയിടാനായാൽ സംസ്ഥാനം നേരിടുന്ന രാസലഹരി ഭീഷണിക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാനാകുമെന്നാണ് പൊലീസിന്റെ നിഗമനം. അതിനായാണ് സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ചൂഷണം തടയാനുള്ള ‘പോഷ് ആക്ടിന്റെ’ മാതൃകയിൽ ലഹരി ഉപയോഗം തടയാനായി പ്രത്യേക നയം തയ്യാറാക്കുന്നത്.
ഘട്ടംഘട്ടമായി ആയിരിക്കും പദ്ധതി നടപ്പാക്കുന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ രക്തം, മുടി എന്നിവയുടെ പരിശോധനയിലൂടെ രാസലഹരി ഉപയോഗം തിരിച്ചറിഞ്ഞ് നടപടിയെടുക്കാനാണ് തീരുമാനം. ഈ പദ്ധതിയോട് ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും സമ്മതമറിയിച്ചെന്ന് ദക്ഷിണമേഖല ഐജി എസ്.ശ്യാംസുന്ദർ പറഞ്ഞു.
