അബുദാബി: ദുബായിൽ നിന്ന് മുംബൈയിലേക്ക് അതിവേഗ അണ്ടർവാട്ടർ ട്രെയിൻ പദ്ധതി. യുഎഇ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് ആണ് പദ്ധതിയുമായി രംഗത്ത് എത്തിയത്. യാഥാർഥ്യമായാൽ ഇന്ത്യ-യുഎഇ യാത്രാസമയം 2 മണിക്കൂറായി കുറയും. നിലവിൽ വിമാനത്തിൽ 4 മണിക്കൂറെടുക്കും.ഒരേസമയം യാത്രയ്ക്കും ചരക്കുനീക്കത്തിനും ഉപകരിക്കുമെന്നതിനാൽ ഇരുരാജ്യങ്ങൾക്ക് മാത്രമല്ല റെയിൽ കടന്നുപോകുന്ന ഇതര രാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കൺസൽറ്റന്റ് അബ്ദുല്ല അൽ ഷെഹി സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതായിരിക്കും പദ്ധതി.
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനും ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ശുദ്ധജലം കയറ്റി അയയ്ക്കാനും പദ്ധതിയിലൂടെ സാധിക്കും. അണ്ടർവാട്ടർ ട്രെയിൻ യാത്രക്കാർക്ക് ആഴക്കടൽ കാഴ്ചകൾ ആസ്വദിക്കാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്നാണ് സൂചന. 2000 കി.മീ ദൂരത്തിലാണ് ദുബായ്-മുംബൈ നഗരങ്ങളെ റെയിൽ വഴി ബന്ധിപ്പിക്കുക. പദ്ധതിക്ക് ഇരുരാജ്യങ്ങളുടെയും അനുമതി ലഭിച്ചാൽ നിർമാണം പൂർത്തിയാക്കി 2030ൽ സർവീസ് ആരംഭിക്കാനാണ് നീക്കം.
